ലോക പോലീസ് ഉച്ചകോടിക്ക് തുടക്കമായി

0

വൈശാഖ് നെടുമല

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് മാർച്ച് 7 ന് ആരംഭിച്ചു. യുഎഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ഈ ത്രിദിന ഉച്ചകോടി നടക്കുന്നത്.

അത്യാധുനിക പോലീസിംഗ്, സുരക്ഷാ സാങ്കേതിക സേവന മേഖലകളിലെ അതിനൂതനമായ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു അതുല്യമായ ആഗോള പ്രദർശനമാണിത്. വിവിധ വിഭാഗങ്ങളിലുള്ള പ്രമുഖ അന്തർദേശീയ, പ്രാദേശിക നിർമ്മാതാക്കളെയും സേവന ദാതാക്കളെയും ഈ ഉച്ചകോടി ഒരു കുടകീഴിൽ അണിനിരത്തുന്നു. ദേശീയ സുരക്ഷ, തീവ്രവാദ വിരുദ്ധത, ഫോറൻസിക്, പോലീസ് നവീകരണം, പോലീസ് പ്രതിരോധവും ആരോഗ്യവും; സൈബർ കുറ്റകൃത്യങ്ങൾ, കുറ്റകൃത്യങ്ങൾ തടയലും കണ്ടെത്തലും എന്നിവ ഉൾപ്പടെ വിവിധങ്ങളായ വിഷയങ്ങൾ ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്.

നിലവിൽ പോലീസ് സേനകൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച സമഗ്രപഠനങ്ങൾ നടത്തുന്നതിനും, നിയമപാലനമേഖലയിലും, സുരക്ഷാ മേഖലയിലുമുള്ള ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും തന്ത്രങ്ങളും നൂതനത്വങ്ങളും പരിചയപ്പെടുന്നതിനും സമാനതകളില്ലാത്ത പ്ലാറ്റ്‌ഫോമാണ് ലോക പോലീസ് ഉച്ചകോടി.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും, ഇവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതിനും, ഇത്തരം സേവനങ്ങൾ വില്പന ചെയ്യുന്നതിനും, വാങ്ങുന്നതിനും പോലീസ് സേനകൾക്കും, അന്താരാഷ്ട്ര കമ്പനികൾക്കും ഈ ഉച്ചകോടി അവസരമൊരുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here