റമദാൻ മാസം : വാണിജ്യ സാധനങ്ങൾക്ക് വിലകുറച്ച് ഖത്തർ

0

വൈശാഖ് നെടുമല

ദോഹ : റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. ഈ വിലക്കിഴിവ് മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വന്നതായും, ഇത് റമദാൻ അവസാനം വരെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഗാർഹിക ഉപയോഗത്തിനായുള്ള 900-ൽ പരം വാണിജ്യ വസ്തുക്കളുടെ വിലയിൽ മന്ത്രാലയം കുറവ് വരുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വില്പനശാലകളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ വിലക്കിഴിവ് നടപ്പിലാക്കുന്നത്. കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ബാധകമാണ്.

ധാന്യമാവ്‌, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോല്‍പന്നങ്ങള്‍, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, നൂഡിൽസ്, എണ്ണ, മുട്ട, പേപ്പർ നാപ്കിനുകൾ തുടങ്ങിയ സാധനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here