ബുർജ് അൽ അറബ് ഹോട്ടലിന് മുകളിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്

0

വൈശാഖ് നെടുമല

ദുബായ് : ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിമാനം ലാൻഡ് ചെയ്തു. പോളിഷ് പൈലറ്റ് ലൂക്ക് ചപ്പിയെലയാണ് മികവുറ്റ പ്രകടനം കൊണ്ട് വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചത്. മാർച്ച് 14-ന് രാവിലെ 6:58-നാണ് അദ്ദേഹം ഈ അത്യന്തം ദുഷ്കരമായ ‘ബുൾസ് ഐ’ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്.

അമ്പത്താറ് നിലകളുള്ള ബുർജ് അൽ അറബ് ഹോട്ടലിൽ 212 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിലാണ് ലൂക്ക് ചപ്പിയെല വിമാനം ലാൻഡ് ചെയ്തത്. 2021 മുതൽ പോളണ്ടിൽ വെച്ച് ഗ്രൗണ്ട് ലെവലിൽ നടത്തിയ ഏതാണ്ട് 650-ലധികം പരിശീലന പറക്കലുകൾക്ക് ശേഷമാണ് കേവലം 27 മീറ്റർ മാത്രം വിസ്തൃതിയുള്ള ആകാശത്തെ ഈ ഹെലിപാഡിൽ അദ്ദേഹം തന്റെ ചെറുവിമാനം ലാൻഡ് ചെയ്തത്. രണ്ട് ഫ്ലൈ-ബൈ ലാപ്പുകൾക്ക് ശേഷം മൂന്നാമത്തെ ഉദ്യമത്തിലാണ് അദ്ദേഹം ഈ ഹെലിപാഡിൽ ലാൻഡ് ചെയ്തത്. ടച്ച്ഡൗണിന് ശേഷം കേവലം 20.76 മീറ്റർ സഞ്ചരിച്ച ശേഷം തന്റെ വിമാനം നിർത്തുന്നതിൽ ചപ്പിയെല വിജയിച്ചു.

മണിക്കൂറിൽ 43 കിലോമീറ്റർ ആയിരുന്നു ലാൻഡ് ചെയ്യുന്ന സമയത്തെ ഈ വിമാനത്തിന്റെ വേഗത. അനുകൂല സാഹചര്യങ്ങളിൽ പെട്ടന്ന് ലാൻഡ് ചെയ്യുന്നതിന് ശേഷിയുള്ള ‘കബ് ക്രാഫ്റ്റേഴ്സ് സ്റ്റോൾ വിമാനമാണ് അദ്ദേഹം പറത്തിയത്. മുൻ റെഡ് ബുൾ എയർ റേസ് ചാലഞ്ചർ ക്ലാസ് വേൾഡ് ചാമ്പ്യനും, എയർബസ് എ320 ക്യാപ്റ്റനുമാണ് മുപ്പത്തൊമ്പതുകാരനായ ലൂക്ക് ചപ്പിയെല.

Leave a Reply