ദുബായിയിൽ സർക്കാർ മേഖലയിൽ പുതിയ റിമോട്ട് വർക്കിംഗ് സമ്പ്രദായം നിലവിൽ വന്നു

0

വൈശാഖ് നെടുമല

ദുബായ്: എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് പൊതു ലൈബ്രറികളിൽ നിന്ന് റിമോട്ട് വർക്കിംഗ് രീതിയിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പുതിയ സമ്പ്രദായം നിലവിൽ വന്നു. ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനം ദുബായിലെ 61 സർക്കാർ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുന്നതെന്നും, 67000-ത്തോളം ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടുമെന്നും അധികൃതർ അറിയിച്ചു.

വിദൂര തൊഴിൽരീതികൾ, വിദൂര വിദ്യാഭ്യാസം, വിദൂര ആരോഗ്യപരിചരണം മുതലായ മേഖലകളിൽ യു എ ഇ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി സംഘടിപ്പിച്ച ‘റിമോട്ട്’ എന്ന പേരിലുള്ള ചര്‍ച്ചാവേദിയുടെ ഉദ്ഘാടനദിനത്തിൽ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലസിയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് കൾച്ചർ, ദുബായ് ഡിജിറ്റൽ അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് പൊതു ലൈബ്രറികളിൽ നിന്ന് റിമോട്ട് വർക്കിംഗ് രീതിയിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പുതിയ സമ്പ്രദായം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിലെ സർക്കാർ ജീവനക്കാർക്കിടയിലെ ഉത്‌പാദനക്ഷമത ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പരീക്ഷണങ്ങളുടെ ഭാഗമായാണിത്.

ഈ തീരുമാനത്തിലൂടെ വിദൂര തൊഴിൽ രീതികളിൽ പുത്തൻ ആശയങ്ങൾ നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ തീരുമാനത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് അവരുടെ താമസയിടങ്ങൾക്ക് അരികിലുള്ള പൊതു ലൈബ്രറികളിൽ നിന്ന് റിമോട്ട് സമ്പ്രദായത്തിലൂടെ തൊഴിലെടുക്കാവുന്നതാണ്. ഇത് റോഡിലെ ട്രാഫിക് കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply