വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

0

വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ ആളെ കെണിയിൽ കുരുക്കി പണം തട്ടുന്നത് ശാലിനിയുടെ പതിവു പരിപാടിയാണ്. അത്തരം തട്ടിപ്പുമായി വീണ്ടും രംഗത്തുവന്നതോടയാണ് ഇവർ പിടിയിലാകുന്നത്.

മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53കാരനെ ബന്ധപ്പെട്ടത്. ഫോണിൽ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് എന്ന് പറയപ്പെടുന്ന കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്. ഇതിന് മുമ്പ് മജിസ്‌ട്രേറ്റ് ആണെന്ന് പറഞ്ഞു വിവാഹം കഴിച്ചു തട്ടിപ്പു നടത്തിയതിനും ശാലിനി പിടിയിലായിട്ടുണ്ട്.

വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശിയെയാണ് ശാലിന് മുമ്പ് കബളിപ്പിച്ചിട്ടുള്ളത്. പത്രപ്പരസ്യത്തിലൂടെയാണ് ശാലിനിയെ പരിചയപ്പെട്ടത്. വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഈ വർഷം ആദ്യം മുതൽ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭർത്താവ് മരിച്ചു പോയതായാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്.

എൽഎൽബി, എൽഎൽഎം ബിരുദങ്ങളുള്ള താൻ മലപ്പുറം മഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു എന്നും മജിസ്‌ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടർന്നു രാജി വച്ചെന്നും യുവാവിനോട് പറഞ്ഞിരുന്നു. ഇതിനിടെ യുവാവിന്റെ കൈയിൽ നിന്നു 3 പവന്റെ സ്വർണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വർണ മാല നൽകി വിശ്വാസം നേടി. തുടർന്ന് കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു.

ഒരുമിച്ചു താമസിച്ചു വന്ന ഈ കാലയളവിൽ 6 പവന്റെ സ്വർണമാലയും ശാലിനി യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു സ്വന്തമാക്കി. ഇരുവരും കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുവാവിന്റെ കൂട്ടുകാർ കാണുകയും ശാലിനിയെ തിരിച്ചറിയികയുമായിരുന്നു. ഇവർ യുവാവിനെ വിവരം ധരിപ്പിക്കുകയും മുൻപുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് യുവാവ്, സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ പൊലീസിൽ പരാതി നൽകുകയും ശാലിനി പിടിയിലാകുകയുമായിരുന്നു.

സമാനമായതും അല്ലാത്തതുമായ നിരവധി കേസുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശാലിനിക്ക് എതിരെയുണ്. കൂട്ടാളികളുമായി ചേർന്നാണ് ശാലിനി തട്ടിപ്പിന് ഇറങ്ങുന്നത്. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി. തുളസീദാസായിരുന്നു മുമ്പ് ശാലിനിയുടെ കൂട്ടാളി. യുവാക്കളിൽ നിന്നും തട്ടിയെടുക്കുന്ന പണവുമായി ആർഭാട ജീവിതം നയിക്കുകയാണ് ശാലിനിയുടെ പതിവ്. തട്ടിപ്പിൽ ഇരുവരുമല്ലാതെ കൂടുതൽ പേർ പങ്കാളികളായുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്

Leave a Reply