ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി തുറന്ന പോരിന് ഇറങ്ങി വിശ്വഭാരതി സർവകലാശാല. വിദ്യാർത്ഥികളെ കാവിയുടുപ്പിക്കുന്നതിനു പകരം മികച്ച വിദ്യാഭ്യാസം നൽകാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഉപദേശിച്ച മമതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിശ്വഭാരതി സർവകലാശാല. വിശ്വഭാരതി കേന്ദ്ര സർവകലാശാലയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സർവ്വകലാശാലാ അധികൃതർ മറുപടിയുമായി എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകൾ ഇല്ലാത്തതാണ് നല്ലത്. പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശം എന്നും സർവകലാശാലയ്ക്ക് ഉണ്ടാകുമെന്നും സർവകലാശാല വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ചെവിയിലെത്തുന്നതെല്ലാം അതേപടി വിശ്വസിക്കാതെ വല്ലപ്പോഴും ബുദ്ധി കൂടി ഉപയോഗിക്കണമെന്നും സർവകലാശാല മമതയെ പരിഹസിച്ചു. കഴിഞ്ഞ ബുധനാഴ്ച ഏഴ് വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപകനുമെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത സർവകലാശാലയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. അധികാരം ഉപയോഗിച്ച് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കാവിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മമത തുറന്നടിച്ചിരുന്നു.
നേരത്തെയും മമതയും സർവകലാശാലയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ശാന്തിനികേതന്റെ ഭാഗമായ ഭൂമി നൊബേൽ ജേതാവ് അമർത്യ സെന്നിന് അനധികൃതമായി സർക്കാർ കൈമാറിയെന്ന ആരോപണവുമായി സർവകലാശാല രംഗത്തെത്തിയിരുന്നു. എന്നാൽ അമർത്യ സെന്നിന്റെ പിതാവ് അശുതോഷ് സെന്നിന് നിയമപരമായി കൈമാറിയതാണ് ഭൂമിയെന്നും അമർത്യ സെന്നിന് ഇതിൽ പങ്കില്ലെന്നും സത്യാവസ്ഥ മനസിലാക്കാതെ സംസാരിക്കരുതെന്നും മമത മറുപടിയും നൽകി