പണിയായുധങ്ങള്‍ മോഷ്‌ടിച്ച രണ്ടുപേര്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത്‌ ഓട്ടോറിക്ഷാഡ്രൈവറുടെ തന്ത്രപരമായ നീക്കത്തില്‍

0


നെടുങ്കണ്ടം: ഏലം സ്‌റ്റോറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണിയായുധങ്ങള്‍ മോഷ്‌ടിച്ച്‌ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടംഗ സംഘം പിടിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറുടെ തന്ത്രപരമായ നീക്കത്തില്‍ സംഘം കുടുങ്ങുകയായിരുന്നു. ഏലത്തോട്ടത്തില്‍ മണ്ണ്‌ ഇളക്കാന്‍ ഉപയോഗിക്കുന്ന പണിയായുധങ്ങളാണ്‌ കോമ്പയാര്‍ പുതകില്‍ സുരേഷ്‌ (38), കൈലാസനാട്‌ പുതിയകോവില്‍ നന്ദന്‍ (38) എന്നിവര്‍ മോഷ്‌ടിച്ചത്‌. ഏലത്തോട്ടത്തിലെ സ്‌റ്റോറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണിയായുധങ്ങള്‍ ഇവര്‍ കടത്തിയശേഷം പാറത്തോട്ടില്‍ നിന്നും പണിയായുധങ്ങള്‍ ഓട്ടോറിക്ഷയില്‍ കയറ്റി. ഓട്ടോറിക്ഷ ഡ്രൈവറോട്‌ എവിടെയാണ്‌ പണിയായുധങ്ങള്‍ വില്‍ക്കാന്‍ കഴിയുക എന്ന്‌ ചോദിച്ചതും പ്രതികളുടെ ഓട്ടോയിലിരുന്നുള്ള പെരുമാറ്റവും സംശയം ജനിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം നെടുങ്കണ്ടം പോലീസിനെ അറിയിച്ചു.
പോലീസ്‌ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വരുന്ന വഴിയില്‍ വാഹനപരിശോധനക്കായെത്തി. ഓട്ടോറിക്ഷ തടഞ്ഞ്‌ വാഹനം പരിശോധിച്ചു പ്രതികളെ ചോദ്യം ചെയ്‌തു. എസ്‌.ഐ. ടി.എസ്‌. ജയകൃഷ്‌ണന്‍, ഉദ്യോഗസ്‌ഥരായ സജീവ്‌, സുനില്‍ മാത്യൂ, സന്തോഷ്‌, ദീപു, അജീഷ്‌ അലിയാര്‍, സുഗതന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ ഓട്ടോറിക്ഷ വളഞ്ഞ്‌ പിടികൂടിയത്‌. പ്രതികള്‍ ജോലി ചെയ്യുന്ന പാറത്തോട്ടിലെ ചിന്നത്തോട്ടം എന്ന ഏലത്തോട്ടത്തിലേക്കും പോലീസ്‌ സംഘമെത്തി. അപ്പോഴാണ്‌ തോട്ടം ഉടമയും പണിയായുധം മോഷണം പോയ വിവരം അറിയുന്നത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply