ആലപ്പുഴയിൽ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ച നഗ്ന വീഡിയോ വിവാദത്തിൽ ട്വിസ്റ്റ്

0

ആലപ്പുഴയിൽ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ച നഗ്ന വീഡിയോ വിവാദത്തിൽ ട്വിസ്റ്റ്. വിഭാഗീയ പ്രശ്‌നങ്ങളിൽ മുൻ ഏരിയ കമ്മിറ്റി അംഗം എം പി സോണയ്ക്ക് എതിരായ പക പോക്കലാണ് നടന്നതെന്ന് പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്.

സോണയ്ക്ക് എതിരെ താൻ സാമ്പത്തിക പരാതിയാണ് നൽകിയത്. എന്നാൽ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്ണുവും ഭാര്യ നിഷയും, ബീച്ച് വാർഡ് ബ്രാഞ്ച് സെക്രട്ടറി മാവോയും ചേർന്ന് ലൈംഗിക പരാതി തയ്യാറാക്കി പാർട്ടിക്ക് നൽകുകയായിരുന്നു. പാർട്ടിയിലെ വിഭാഗീയ തർക്കങ്ങൾക്ക് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും കരുവാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

മൂന്ന് മാസം മുമ്പാണ് സിപിഎമ്മിനെ വിഷമസന്ധിയിലാക്കിയ നഗ്‌ന വീഡിയോ വിവാദത്തിന്റെ തുടക്കം. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണ, പാർട്ടി അനുഭാവികൾ ഉൾപ്പടെയുള്ള സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചു എന്നായിരുന്നു പരാതി. ദൃശ്യങ്ങളടക്കം വെച്ച് ലഭിച്ച പരാതികളെ കുറിച്ച് അന്വേഷിച്ച പാർട്ടി കമ്മിഷൻ, സോണ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇപ്പോൾ ഒന്നര മാസത്തിന് ശേഷമാണ് ഈ പരാതി തന്നെ വ്യാജമെന്ന ആരോപണവുമായി പരാതിക്കാരിൽ ഒരാൾ പരസ്യമായി രംഗത്തെത്തുന്നത്.

കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കൾ പറഞ്ഞപ്പോൾ പരാതി നൽകി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി ആരോപിച്ചു. നഗ്‌നദൃശ്യങ്ങൾ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. ”സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം വി.ജി.വിഷ്ണു, ബീച്ച് ബ്രാഞ്ച് സെക്രട്ടറി മാവോ, വിഷ്ണുവിന്റെ ഭാര്യ എന്നിവർ ചേർന്നാണ് പരാതി തയാറാക്കിയത്. വാട്‌സാപ്പിൽ ഒപ്പ് അയച്ചുകൊടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. സോണ എന്നെയോ മകളെയോ ഉപദ്രവിച്ചിട്ടില്ല. പാർട്ടിയിൽ സോണയെ ഒതുക്കാനാണ് ഈ ഗൂഢാലോചന നടത്തിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ.നാസറിനും നൽകിയ പരാതി പിൻവലിച്ചു. ആത്മഹത്യയുടെ വക്കിലായ എന്റെ തൊഴിൽ നഷ്ടമായി. വാടക വീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കുമെന്നും ഭീഷണിയുണ്ട്’ പരാതിക്കാരി പറഞ്ഞു.

സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ ശരിയല്ലെന്നും പരാതിക്കാരി വ്യക്തമാക്കി. അതേസമയം, പുറത്താക്കും മുൻപ് സോണയെ പരാതി ബോധ്യപ്പെടുത്തിയില്ലെന്ന് സോണയുടെ സഹോദരിമാർ ആരോപിച്ചു. വ്യാജ ദൃശ്യങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ പൊലീസിനും പാർട്ടിക്കും പരാതി നൽകുമെന്നും സഹോദിമാർ അറിയിച്ചു.

പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം നാണം കെട്ട അവസ്ഥയിലാണ് താനെന്നും രണ്ടു പെൺമക്കളുള്ളതാണെന്നും പരാതിക്കാരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി നാസറിനും പരാതി നൽകിയതായും പരാതിക്കാരി വ്യക്തമാക്കി. കിട്ടാനുള്ള പൈസ വാങ്ങിത്തരാം എന്ന് ഇവർ പറഞ്ഞിരുന്നു. എന്നാൽ അവർ തമ്മിലുള്ള ശത്രുത തീർക്കാൻ തങ്ങളെ കരുവാക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

ആത്മഹത്യയുടെ വക്കിലാണ് താനിപ്പോൾ. തന്നെയും മകളെയും ഉപദ്രവിച്ചു എന്നെല്ലാമാണ് പരാതിയിൽ എഴുതിവെച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ല. അതെല്ലാം വ്യാജമായി എഴുതി ചേർത്തതാണ്. വിഷ്ണുവാണ് പരാതി എഴുതിക്കൊണ്ടു വന്നതെന്നും യുവതി പറഞ്ഞു.

ഇങ്ങനെയെല്ലാം എഴുതിയാൽ മാത്രമേ പൈസയുടെ കാര്യത്തിൽ മുന്നോട്ടു പോകാൻ പറ്റുകയുള്ളൂ എന്നാണ് പറഞ്ഞത്. കുട്ടിയുടെ കയ്യക്ഷരത്തിലാണ് എഴുതിച്ചത്. പാർട്ടിയിലെ ശത്രുതയിൽ തങ്ങളെ കരുവാക്കുകയായിരുന്നു. ഇവരെ വിശ്വാസത്തിലെടുത്തതിനാൽ പരാതി വായിച്ചിരുന്നില്ല. എല്ലാ ഓപ്പറേഷനും ഇവർ വഴിയാണ് നടക്കുന്നതെന്നും പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്ക് സോണയുമായി സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മുമ്പ് നൽകിയ പണം തിരികെ കിട്ടാൻ പല തവണ ആവശ്യപ്പെട്ടു. എന്നാൽ സോണ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതേത്തുടർന്നാണ് സിപിഎം നേതാവായ വിഷ്ണുവിനോട് ഇക്കാര്യം പറയുന്നതെന്നും യുവതി പറയുന്നു. സോണ തരാനുള്ള ഒന്നരലക്ഷത്തിൽ 50,000 രൂപയേ ഇനി തരാനുള്ളുവെന്നും പരാതിക്കാരി വ്യക്തമാക്കി.

Leave a Reply