ഈ ആന നടക്കും വാലും ചെവിയുമിട്ടാട്ടും തുമ്പിക്കയ്യില്‍ വെള്ളം നിറച്ച് പുറത്തേക്ക് ചീറ്റിക്കും പക്ഷേ ഒരിക്കലും മദം പൊട്ടുകയോ വിരളുകയോ അക്രമാസക്തമാകുകയോ ചെയ്യില്ല

0

ഈ ആന നടക്കും വാലും ചെവിയുമിട്ടാട്ടും തുമ്പിക്കയ്യില്‍ വെള്ളം നിറച്ച് പുറത്തേക്ക് ചീറ്റിക്കും പക്ഷേ ഒരിക്കലും മദം പൊട്ടുകയോ വിരളുകയോ അക്രമാസക്തമാകുകയോ ചെയ്യില്ല. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എഴുന്നുള്ളിക്കുന്ന ആന കേരളത്തിലെ ആനപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമാണ് ഉണര്‍ത്തുന്നത്.

11 അടി ഉയരവും 800 കിലോ തൂക്കവും വരുന്ന ആന ഇരിഞ്ഞാടപ്പിള്ളി കുടുംബത്തിന്റെ വകയാണ്. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ആനയെ ഫെബ്രുവരി 26 ന് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. മറ്റെല്ലാ ജീവനുള്ള ആനകളെയും പോലെ ഈ ആനയും തലയും വാലും ആട്ടും. തുമ്പിക്കൈയ്യില്‍ വെള്ളം നിറച്ച് പുറത്തേക്ക് ചീറ്റിക്കും. പക്ഷേ പാപ്പാന്‍ പോയി സ്വിച്ചിടണമെന്ന് മാത്രം. കേരളത്തില്‍ ഇതാദ്യമായി റോബോട്ടിക്ക് ആനയെ എഴുന്നുള്ളിപ്പിന് ഒരുങ്ങുകയാണ്.

ഇരുമ്പ് ഫ്രെയിമില്‍ റബ്ബര്‍ കോട്ടിംഗ് വെച്ചാണ് ആനയെ ഉണ്ടാക്കിയിരിക്കുന്നത്. അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിട്ടുള്ള ആനയുടെ മുകളില്‍ നാലുപേര്‍ക്ക് ഇരിക്കാനാകും. ക്ഷേത്രങ്ങളിലും മറ്റും റോബോട്ടിക് ആനയെ എഴുന്നുള്ളിക്കുന്നത് ഇന്നത്തെ കാലത്തെ ആന പരിപാലനത്തിന് മറ്റൊരു മാര്‍ഗ്ഗമാണ്. ഇതിനൊപ്പം ആന വിരണ്ടും മറ്റും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും വലിയ അളവ് വരെ പരിഹാരമാണ്. ആനയെ എഴുന്നുള്ളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വിവിധ പ്രശ്‌നങ്ങളുടെ പരിഹാരമായിട്ടാണ് ഇങ്ങിനെ ഒരു നീക്കം നടത്തിയതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

Leave a Reply