റെക്കോർഡ് ഏക്ക തുക സ്വന്തമാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം

0

തൃശ്ശൂർ: ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപയാണ് ഏക്ക തുകയായി നൽകുന്നത്. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ആനയെ ഈ തുകയ്ക്ക് ചാവക്കാടുള്ള പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ഏക്കത്തിനെടുത്തത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരേക്കും കേരളത്തിൽ ആനകൾക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നത്.

ഈ മാസം 27ന് ഉച്ചകഴിഞ്ഞ് 3ന് എഴുന്നള്ളിപ്പിൽ തിടമ്പാനയുടെ വലതു ഭാഗത്താണ് രാമചന്ദ്രനെ നിർത്തുക. രാത്രി 8.30നു രാമചന്ദ്രൻ തിരിച്ചുപോകും. 46 കമ്മിറ്റികളാണ് ഏക്കത്തിൽ പങ്കെടുത്തത്. തിടമ്പേറ്റുന്ന ആനയുടെ വലതു ഭാഗത്ത് രാമചന്ദ്രനു സ്ഥാനം കൊടുക്കാറുണ്ട്. 2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് വന്നിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിൻറെ വിളംബരമായ തെക്കേ ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. 2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്.

രാമചന്ദ്രൻറെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്ന് പോലും ആളുകളെത്തിയിരുന്നു. തലപ്പൊക്കത്തിൽ ഏറെ പേര് കേട്ട ആനയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here