ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ യുവതി, മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ചു

0
വന്ദന (ചിത്രങ്ങൾക്ക് കടപ്പാട്: എൻഡിടിവി, റിപ്പബ്ലിക് വേൾഡ്)

ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ യുവതി, മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ചു. അസമിൽ ഗുവാഹത്തിക്കു സമീപമാണു സംഭവം. വന്ദന കലിറ്റ എന്ന യുവതിയാണ്, കാമുകന്റെ സഹായത്തോടെ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. ഇവരുടെ വിവാഹേതര ബന്ധമാണ്, ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. ഏഴു മാസം മുൻപു നടന്ന കൊലപാതകം, തിങ്കളാഴ്ചയാണു പുറത്തറിഞ്ഞത്.

വന്ദനയുടെ ഭർത്താവ് അമർജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ വന്ദന തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും വന്ദനയെ സഹായിച്ച അരൂപ് ദേക്ക, ധൻജിത് ദേക്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ വർഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം. മൂന്നു ദിവസത്തോളം ഫ്രി‍ജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ, വനന്ദയും കാമുകനും ചേർന്ന് 150 കിലോമീറ്ററോളം അകലെ, അയൽ സംസ്ഥാനമായ മേഘാലയയിലെ ചിറാപൂഞ്ചിയിലെത്തിച്ച് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.

‘‘മേഘാലയയിലെ ചിറാപൂഞ്ചിയിലാണ് വന്ദനയും കാമുകനും ചേർന്ന് ശരീര ഭാഗങ്ങൾ ഉപേക്ഷിച്ചത്. വന്ദനയുമായി പൊലീസ് സംഘം അവിടെപ്പോയി തെളിവെടുപ്പ് നടത്തി. ഇരുവരെയും കൊലപ്പെടുത്തിയശേഷം വന്ദനയാണു മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. പിന്നീട് ഇവ ഫ്രിജിനുള്ളിൽ ‍സൂക്ഷിച്ചു.’ – പൊലീസ് ഓഫിസർ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here