ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമെന്ന് വ്യക്തമാക്കി സുപ്രീം കോടതി

0

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയം ശുപാർശ വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ പ്രതികരണം.

ചില സംസ്ഥാനങ്ങൾ ഈ അനുമതി വേഗത്തിൽ നൽകും. മറ്റു ചില സംസ്ഥാനങ്ങൾ അനുമതി നൽകാൻ സമയമെടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നൽകിയ ശുപാർശകളിൽ ചിലതിൽ വേഗത്തിൽ തീരുമാനം ഉണ്ടായതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനുള്ള ശുപാർശയിൽ തീരുമാനം വൈകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് സംസ്ഥാനങ്ങളുടെ അനുമതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിന് ആവശ്യമാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അഭിപ്രായപ്പെട്ടത്. സംസ്ഥാനങ്ങൾ വേഗത്തിൽ അനുമതി നൽകിയ ശുപാർശകളിൽ ആണ് ഒന്നോ രണ്ടോ ദിവസം കൊണ്ട് നിയമന ഉത്തരവ് ഇറങ്ങിയത് എന്നും ജസ്റ്റിസ് കൗൾ വ്യക്തമാക്കി.

അതേസമയം, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലേയും ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ ആകുലതയുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, മനോജ് മിശ്ര, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നതിനെതിരായ ഹർജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ സുപ്രീം കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ശേഷം ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില നടപടികൾ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്താണോ പ്രതീക്ഷിക്കുന്നത് അത് ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകരോട് നിർദേശിച്ചു. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയുടെ അസാന്നിധ്യം കണക്കിലെടുത്ത് ഇന്ന് കേസിൽ വിശദമായ വാദം കേൾക്കൽ ഉണ്ടായില്ല

LEAVE A REPLY

Please enter your comment!
Please enter your name here