ലഹരിവിൽപന ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ രണ്ടുപേരുടെ ഇടനെഞ്ചിലേക്ക് കത്തിതാഴ്‌ത്തി കൊന്ന തലശേരിയിൽ കവർച്ചക്കാരും പിടിമുറുക്കുന്നു

0

ലഹരിവിൽപന ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ രണ്ടുപേരുടെ ഇടനെഞ്ചിലേക്ക് കത്തിതാഴ്‌ത്തി കൊന്ന തലശേരിയിൽ കവർച്ചക്കാരും പിടിമുറുക്കുന്നു. ഇതോടെ ലഹരിവിൽപനക്കാരും കവർച്ചക്കാരും രാഷ്ട്രീയ ക്വട്ടേഷൻ ക്രിമിനൽസംഘവും ചേർന്ന് തലശേരിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. പൊലിസ് ചമഞ്ഞെത്തിയ യുവാക്കൾ അതിഥിതൊഴിലാളിയെ കൊള്ളയടിച്ച സംഭവം ആവർത്തിക്കുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്.

തലശേരി നഗരത്തിലെ ഒ.വി റോഡിൽ എം ആർ എ ബേക്കറിക്ക് സമീപത്ത് വച്ച് വ്യാഴാഴ്‌ച്ച പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. കൊൽക്കത്ത സ്വദേശി റോബി(24)ന്റെ മൊബൈൽ ഫോണാണ് പൊലിസ് ചമഞ്ഞെത്തിയ യുവാക്കൾ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് കവർന്നത്. ഇറച്ചിക്കടയിലെ ജീവനക്കാരനായ റോബിൻ രാവിലെ വാടകമുറിയിൽ നിന്നും ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇയാളെ പിൻതുടർന്ന് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുയുവാക്കൾ മഫ്തി പൊലിസാണെന്ന് സ്വയം പരിചയപ്പെടുത്തി. എവിടേക്ക് പോകുന്നുവെന്നും ഐഡന്റിറ്റി കാർഡ് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ഐഡന്റിറ്റി കാർഡ് പോക്കറ്റിൽ നിന്ന് എടുക്കുന്നതിനിടെയാണ് കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചത്. ഇതിനിടയിൽ മൊബൈൽ ഫോൺ കവരുകയായിരുന്നു. ഞൊടിയിടയിൽ രക്ഷപ്പെട്ട ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു റോബിൻ പറഞ്ഞു.

ഇതിനെ തുടർന്ന് ഇയാൾ നാട്ടുകാരുടെ സഹായത്തോടെ തലശേരി ടൗൺ പൊലീസിൽ പരാതി നൽകി.. മോഷ്ടാക്കൾ മാസ്്ക് ധരിച്ചാണെത്തിയതെന്നു റോബിൻ മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ് സമാന രീതിയിലാണ് ജനവരി 17 ന് പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന കൊൽക്കത്ത മേദിനിപൂർ സ്വദേശി സുൽത്താന്റെ 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്തത്. സൈക്കിളിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് പൊലിസാണെന്ന പറഞ്ഞ തടഞ്ഞ നിർത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും കാർഡ് എടുക്കുന്നതിനിടയി ലാ ണ് കണ്ണിൽ മുളക് സ്പ്ര അടിച്ച് ഫോൺ കവർച്ച ചെയ്തത്.

എന്നാൽ ഈ കേസിലെ പ്രതികളെ പൊലിസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ല. ഒരുമാസം മുൻപ് മുകുന്ദ് മല്ലാർ റോഡിലെ വീട്ടിൽ കയറി മോഷ്ടാവ് കത്തിചൂണ്ടി വയോധികയെ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു. പിടിവലിയിൽ സ്ത്രീക്ക് സാരമായി പരുക്കേറ്റു. ഈകേസിലെ പ്രതികളെയും പൊലിസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം കണ്ണൂർ ഫോർട്ട് റോഡിൽ നിന്നും സിഗരറ്റ് വലിക്കുകയായിരുന്ന യുവാക്കളെ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടിയ കക്കാട് സ്വദേശി സജീറും പിടിയിലായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ സജീർ പതിനെട്ടായിരം രൂപ വിലവരുന്ന ഫോണാണ് യുവാവിൽ നിന്നും തട്ടിയെടുത്തത്.

Leave a Reply