തങ്ങളുടെ കോസ്‌റ്റ്‌ ഗാര്‍ഡ്‌ ബോട്ടിനുനേരേ ചൈന സൈനികതലത്തിലുള്ള ലേസര്‍ ആക്രമണം നടത്തിയതായി ഫിലിപ്പീന്‍സ്‌

0

തങ്ങളുടെ കോസ്‌റ്റ്‌ ഗാര്‍ഡ്‌ ബോട്ടിനുനേരേ ചൈന സൈനികതലത്തിലുള്ള ലേസര്‍ ആക്രമണം നടത്തിയതായി ഫിലിപ്പീന്‍സ്‌. തെക്കന്‍ ചൈന കടലിലെ സെക്കന്‍ഡ്‌ തോമസ്‌ ഷോള്‍ എന്നറിയപ്പെടുന്ന പ്രദേശത്ത്‌ ഫെബ്രുവരി ആറിനു നടന്ന സംഭവം ഇന്നലെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.
പ്രദേശത്തുണ്ടായിരുന്ന നാവികസേനാ കപ്പലിലേക്ക്‌ ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളുമായി പോകുകയായിരുന്നു ബോട്ട്‌. ലേസര്‍ ആക്രമണം ബോട്ടിലുണ്ടായിരുന്നവരുടെ കാഴ്‌ചയെ ബാധിച്ചതിനാല്‍ അവര്‍ക്കു തിരിച്ചുപോകേണ്ടി വന്നെന്നും ഫിലിപ്പീന്‍സ്‌ അറിയിച്ചു.
രണ്ടു തവണ ലേസര്‍ വെളിച്ചം അടിച്ചതിനു പുറമേ ചൈനീസ്‌ കപ്പല്‍ അപകടകരമായ ചില സൈനികനീക്കങ്ങള്‍ക്കു മുതിരുകയും ചെയ്‌തു. ഫിലിപ്പീന്‍സിന്റെ പരമാധികാര അവകാശങ്ങളുടെ വ്യക്‌തമായ ലംഘനമാണിതെന്ന്‌ ഫിലിപ്പീന്‍സ്‌ കോസ്‌റ്റ്‌ഗാര്‍ഡ്‌ ആരോപിച്ചു. മേഖലയെ പശ്‌ചിമ ഫിലിപ്പൈന്‍ കടല്‍ എന്നാണ്‌ ഫിലിപ്പീന്‍സ്‌ വിളിക്കുന്നത്‌. സംഭവത്തെക്കുറിച്ചു ചൈന പ്രതികരിച്ചിട്ടില്ല.
ദക്ഷിണ ചൈന കടലിന്റെ നല്ലൊരു ഭാഗത്തിനുമേലും അവകാശം ഉന്നയിക്കുന്ന ചൈന മുമ്പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ദക്ഷിണ ചൈന കടലിനു മേലുള്ള ചൈനയുടെ അവകാശവാദത്തിന്‌ ചരിത്രപരമായ അടിസ്‌ഥാനമില്ലെന്ന്‌ 2016 ല്‍ യു.എന്നിന്റെ പെര്‍മനന്റ്‌ കോര്‍ട്ട്‌ ഓഫ്‌ ആര്‍ബിട്രേഷന്‍ വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പാക്കാന്‍ ട്രിബ്യൂണലിന്‌ അധികാരമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here