അരീക്കോട് ∙ കൊച്ചി വിമാനത്താവളംവഴി കടത്തിയ ഒരു കിലോഗ്രാമിലധികം മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടി. ദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്തിയതാണു സ്വർണം. സംഭവത്തിൽ സ്വർണം കടത്തിയ യാത്രക്കാരനെയും സ്വീകരിക്കാനായി എത്തിയ മറ്റു മൂന്നു പേരെയും കാറും ഒരു ലക്ഷം രൂപയുമാണു പൊലീസ് പിടികൂടിയത്.ദോഹയിൽ നിന്നുമെത്തിയ കോഴിക്കോട് കൊടിയത്തൂർ സ്വദേശി അഷ്‌റഫ് (56), സ്വർണം കൈപ്പറ്റിയ താമരശ്ശേരി സ്വദേശികളായ മിദ്‌ലജ് (23), നിഷാദ് (36), ഫാസിൽ (40) എന്നിവരാണു 1063 ഗ്രാം സ്വർണവുമായി കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലർച്ചെ 6.30 നു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഷ്‌റഫ് നെടുമ്പാശ്ശേരിയിൽ എത്തിയത്.
മിശ്രിത രൂപത്തിൽ നാലു കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് അഷ്‌റഫ് സ്വർണം കടത്തിയതെന്നു പൊലീസ് പറഞ്ഞു. തൃശൂരിലെ ഹോട്ടലിൽ വച്ചാണു സ്വർണം പുറത്തെടുത്തത്. സ്വർണം കൈപ്പറ്റി അഷ്‌റഫും കുടുംബവും കാറിൽ കൊടുവള്ളിയിലേക്കു പോകുമ്പോഴാണു പൊലീസിന്റെ പിടിയിലാകുന്നത്. പിടിച്ചെടുത്ത സ്വർണത്തിനു 63 ലക്ഷം വില വരും.
അരീക്കോട് പൊലീസും എസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. തുടർ അന്വേഷണത്തിനായി റിപ്പോർട്ട് കസ്റ്റംസിനു കൈമാറും