സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു

0

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു. ഇതേ വിമാനത്തിൽ തന്നെ ദമാമിലേക്കു യാത്രക്കാർ പോകുമെന്നാണ് അറിയിപ്പ്. മറ്റൊരു പൈലറ്റാകും വിമാനം പറത്തുക. ആദ്യം വിമാനം പറത്തിയ പൈലറ്റിന് ടേക് ഓഫിനിടെ വീഴ്ച സംഭവിച്ചതിനാലാണ് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേത്തുടർന്നു പൈലറ്റിനെ താൽക്കാലികമായി ഡ്യൂട്ടിയിൽനിന്നു നീക്കി.

വിമാനത്തിലെ യാത്രക്കാർ നാലുമണിക്ക് യാത്ര തിരിക്കും. അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിന്റെ സാങ്കേതിക തകരാർ നാലുമണിക്കുള്ളിൽ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരുവനന്തപുരത്ത് അടിയന്തര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 9.45ന് ദമാമിലേക്കു പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (ഐഎക്സ് 385) തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തര ലാൻഡിങ്ങിനായി തിരിച്ചുവിട്ട വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാൻഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റിപ്പറന്നു. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് ചുറ്റിപ്പറന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാനായിരുന്നു ആദ്യ ശ്രമം. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്.

തിരുവനന്തപുരം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്ന്, കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാൻഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാൻഡിങ്ങും നിർത്തിവച്ചാണ് ലാൻഡിങ്ങിനായി തയ്യാറെടുത്തത്. ലാൻഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തിൽ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാൽ അത്യാഹിതം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ധനം ഒഴുക്കിക്കളഞ്ഞത്

ഒടുവിൽ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി. വിമാനത്താവളത്തിൽ അപ്പോൾ ഏത് പ്രതിസന്ധിയും നേരിടാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിരുന്നു. സുരക്ഷിത ലാൻഡിങ്ങിനായി ഏവരും കാത്തു. കൃത്യസമയത്ത് തന്നെ റൺവേയിലേക്ക് വിമാനം വന്നിറങ്ങി. അതോടെ മണിക്കൂറുകൾ നീണ്ട ആശങ്ക ആശ്വാസത്തിന് വഴിമാറി. റൺവേയിൽനിന്ന് വിമാനം പാർക്കിങ് ബേയിലേക്ക് എത്തിയതോടെ ദൗത്യം അപകടമില്ലാതെ പൂർത്തിയാക്കാനായ ആശ്വാസത്തിൽ പൈലറ്റും ജീവനക്കാരും. ഒപ്പും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ 182 യാത്രക്കാർക്കും ആശ്വാസം. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം കൂടുതൽ പരിശോധനയ്ക്കായി ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് വിമാനം മാറ്റുകയായിരുന്നു

അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് വിമാനത്താവളത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാനത്തിലെ യാത്രക്കാരെ ട്രാൻസിറ്റ് ലോഞ്ചിലേക്കു മാറ്റി. 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here