വ്യാജ നമ്പർ പ്ലേറ്റുമായി സർവസ് നടത്തിയ രണ്ടുലോറികൾ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് കരുനാഗപ്പള്ളി സ്‌ക്വാഡ് പിടികൂടി

0

വ്യാജ നമ്പർ പ്ലേറ്റുമായി സർവസ് നടത്തിയ രണ്ടുലോറികൾ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് കരുനാഗപ്പള്ളി സ്‌ക്വാഡ് പിടികൂടി.തമിഴ്‌നാട്ടിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് മെറ്റൽ കൊണ്ടുവന്നതാണ് ലോറികൾ. മെറ്റൽ ഇറക്കിയശേഷം തിരികെ പോകുമ്പോൾ ചവറ കുറ്റിവട്ടത്തുവച്ചാണ് വാഹനങ്ങൾ പിടികൂടിയത്.

വാഹനത്തിന്റെ ബോഡിയിൽ രൂപമാറ്റം വരുത്തിയത് ശ്രദ്ധയിൽപ്പെട്ട എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് വാഹനം നിർത്തിച്ച് പരിശോധിച്ചു. ഇതോടെയാണ് വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നമ്പരുകൾ വ്യാജമാണെന്നു കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടുവാഹനങ്ങളുടെയും കാലാവധി തീർന്നതാണെന്നും വ്യക്തമായി. നിലവിൽ കാലാവധിയുള്ള മറ്റുവാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പരുകളാണ് ഈ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരുന്നത്. വണ്ടിയിൽ കരുതിയിരുന്ന രേഖകളും യഥാർഥമായിരുന്നില്ല. തമിഴ്‌നാട് നാമക്കലിലുള്ള ഒരുകമ്പനിയുടേതാണ് വാഹനങ്ങൾ.

കൊല്ലം ചിതറ സ്വദേശി സുഭാഷ്, തെങ്കാശി സ്വദേശി മുരുകൻ എന്നിവരാണ് വാഹനങ്ങൾ ഓടിച്ചിരുന്നത്. വാഹനങ്ങളും ഡ്രൈവർമാരെയും ചവറ പൊലീസിനു കൈമാറി. രജിസ്ട്രേഷൻ കാലാവധിയുള്ള മറ്റു വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ച് സർവീസ് നടത്തിയതിന് ഓരോ വാഹനത്തിനും 54,780 രൂപവീതം പിഴചുമത്തി.

മോട്ടോർവാഹനവകുപ്പ് കരുനാഗപ്പള്ളി എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എം വിഐ. കെ.ദിലീപ്കുമാർ, എ.എം വിഐ.മാരായ കെ.ജയകുമാർ, എസ്.ഷാജിമോൻ എന്നിവരാണ് വാഹനങ്ങൾ പിടികൂടിയത്.

Leave a Reply