പുതിയ പരീക്ഷണങ്ങളുമായി എത്തിയ സിനമരിങ്ക് എന്ന ഹൊറർ മൂവി ഇപ്പോൾ സൈബർ ലോകത്ത് ഏറെ ചർച്ചയാവുകയാണ്

0

പുതിയ പരീക്ഷണങ്ങളുമായി എത്തിയ സിനമരിങ്ക് എന്ന ഹൊറർ മൂവി ഇപ്പോൾ സൈബർ ലോകത്ത് ഏറെ ചർച്ചയാവുകയാണ്. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന സിനിമ എന്ന് പദവി ഏറ്റുവാങ്ങിയ ഈ ഹൊറർ സിനിമ പലരേയും ദിവസങ്ങളോളം ഭയത്തിലാഴ്‌ത്തി എന്നാണ് ഇത് കണ്ടവർ പറയുന്നത്. തങ്ങളെ കുട്ടിക്കാലത്തെ ഇരുട്ടിനോടുള്ള ഭയത്തിലേക്ക് ഇത് നയിച്ചു എന്നും അവർ പറയുന്നു.

കനേഡിയൻ സംവിധായകനായ കൈൽ ഏഡ്വേർഡ് ബാൾ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഈ സിനിമയിൽ കൈക്കൊണ്ടിരിക്കുന്നത്. നാലു വയസ്സുള്ള കെവിനും ആറുവയസ്സുള്ള് കെയ്ലീയും ഒരു രാത്രിയുടെ മദ്ധ്യത്തിൽ ഉണർന്നെഴുന്നേൽക്കുമ്പോൾ മനസ്സിലാക്കുന്നു തങ്ങളുടെ മാതാപിതാക്കൾ അപ്രത്യക്ഷരായിരിക്കുന്നു എന്ന്. മാത്രമല്ല അവരുടെ വീടിന്റെ ജനലുകളും വാതിലുകളും കാണാതായിരിക്കുന്നു.

ഈ ഭയാനകമായ സാഹചര്യത്തിൽ നിന്നും ഒഴിയാനായി അവർ തലയിണയും പുതപ്പുമായി സ്വീകരണ മുറിയിൽ എത്തുകയാണ്. മുറിയിലെ ഭയപ്പെടുത്തുന്ന നിശബ്ദത ഭഞ്ജിക്കാനായി അവർ കാർട്ടൂൺ ചിത്രങ്ങളുടെ പഴയ വീഡിയോ ടേപ്പുകൾ പ്ലേ ചെയ്യുന്നു. അങ്ങനെ അവർ ആ ഭയാനക സാഹചര്യത്തിൽ നിന്നും മുക്തി നേടാൻ ശ്രമിക്കുന്നു. മുതിർന്നവർ ആരെങ്കിലും തങ്ങളുടെ രക്ഷക്കെത്തും എന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ അല്പം കഴിയുമ്പോൾ മനസ്സിലാകുന്നു എന്തോ ഒന്ന് അവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന്.

ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ ചിത്രം തികച്ചും ഭയപ്പെടുത്തുന്ന ഒന്നാണെന്നാണ് കാണികൾ ഒന്നടങ്കം പറയുന്ന്ത്. ഇതിനിടയിൽ വീട്ടിലെ ഫർണീച്ചറുകൾ അപ്രത്യക്ഷമാകുന്നു, പിന്നീട് വീണ്ടും പ്രത്യക്ഷമാകുന്നു. കളിപ്പാട്ടങ്ങൾ സ്വമേധയാ ചലിക്കുന്നു എന്നിങ്ങനെയുള്ള പല വിചിത്ര സംഭവങ്ങൾക്കും പുറമെ കുട്ടികൾ ചില വിചിത്ര ശബ്ദങ്ങളും കേൾക്കുന്നു. റിയാലിറ്റി ആണോ ഫാന്റസിയാണോ എന്നറിയാത്ത വിധത്തിൽ കാണികളെ സംവിധായകൻ മുൾമുനയിൽ നിർത്തുകയാണ്.

ഈ സിനിമ കാണാൻ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് 151 പേർ ഉണ്ടെന്ന് പറഞ്ഞപ്പോൾ 61 പേർ ഇല്ലെന്ന് സമ്മതിച്ചു. തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം ഇപ്പോൾ ഷേഡർ വെബ്സൈറ്റിലും സ്ട്രീം ചെയ്യുന്നുണ്ട്.

Leave a Reply