പാറക്കൂട്ടത്തിനിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

0

തിരുവനന്തപുരം: പാറക്കൂട്ടത്തിനിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തിരുവല്ലത്താണ് സംഭവം. തിരുവല്ലം വരമ്പത്തു വിളാകത്തിൽ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയർ ഫോഴ്സ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപെടുത്തിയത്.

പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പനത്തുറ തീരത്ത് കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിലാണ് മൊബൈൽ വീണത്. സുഹൃത്തുകൾക്കൊപ്പം എത്തിയ ബിനു മൊബൈൽ എടുക്കാൻ ശ്രമിക്കുമ്പോഴാണ് വലതുകൈ കൂറ്റൻ കരിങ്കല്ലുകൾക്കിടെ കുടുങ്ങിയതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.

മൊബൈൽ എടുക്കാൻ ശ്രമിക്കവേ കൈയിന്റെ ചുമൽ ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കൽ കൂട്ടത്തിനിടയിലായി തലകീഴായി കിടക്കുകയായിരുന്നു ബിനു. ഇതിനെ തുടർന്നാണ് ഫയർ ഫോഴ്സിന്റെ സഹായം തേടിയത്.

ഏഴംഗ ഫയർ ഫോഴ്സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാൻ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രക്ഷിച്ചത്

Leave a Reply