യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയക്ക് കനത്ത തിരിച്ചടിയായി കോടതിയുടെ നിർണായക ഇടപെടൽ

0

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയക്ക് കനത്ത തിരിച്ചടിയായി കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷൻ മേധാവി നിർദ്ദേശം നൽകി. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രേസിക്യൂഷന്റെ അതിവേഗ ഇടപെടലിന് കാരണം.

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിന്റെ ബന്ധുക്കൾ സമീപിച്ചത് . നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്.

ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ എങ്ങും എത്താത്തതിനാൽ ഇനിയുള്ള നാളുകൾ നിർണായകമാണ്. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തുടർച്ചയായ പീഡനം സഹിക്കാൻ കഴിയാതെ യെമനി പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ് റിപ്പോർട്ടിൽ പറയുന്നത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.

യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. യെമൻ സ്വദേശിനിയായ സഹപ്രവർത്തകയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്.

കേസിനെ കുറിച്ചോ നിലവിലെ അവസ്ഥയെ കുറിച്ചോ യാതൊരു വിവരവുമില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. കേന്ദ്രസർക്കാർ ഇടപെടാമെന്ന് അറിയിച്ചിരുന്നുവെന്നും അമ്മ പ്രതികരിച്ചു. മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ കുട്ടിയെ വിചാരിച്ചെങ്കിലും ദയവുണ്ടാവണം. ദയാധനം യെമനിലെത്തിച്ച് കൈമാറാൻ കേന്ദ്രസർക്കാർ സൗകര്യമൊരുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

‘എങ്ങനെ പൈസ കൈകാര്യം ചെയ്യണമെന്നുള്ളത് കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് തീരുമാനിക്കണമെന്നാണ് ഞാൻ ഇതുവരെ അപേക്ഷ കൊടുത്തത്. എന്നും വിളിക്കും എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് അറിയാൻ. നിമിഷ വിളിക്കുമ്പോഴും അതുതന്നെയാണ് ചോദിക്കാറ്. കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് ചെയ്തു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തു വില കൊടുത്തും എന്റെ മകളുടെ ജീവൻ രക്ഷിക്കണം. എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ. ഞാൻ പോകാൻ തയാറാണ്. എന്റെ മകളെ അവളുടെ കൊച്ചിനു വേണ്ടി വിട്ടു തരണം. എന്റെ അവസാനത്തെ യാചനയാണ്.

എത്രയും വേഗം എന്റെ മകളെ മോചിപ്പിക്കണമെന്ന് ഞാൻ എല്ലാവരോടും അപേക്ഷിച്ചിട്ടുണ്ട്. ദയാധനം നൽകാനുള്ള പണം ആക്ഷൻ കൗൺസിൽ ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ. ഇപ്പോൾ നിമിഷയുമായി സംസാരിക്കാനുള്ള അവസരവും കുറഞ്ഞു.’ നിമിഷയുടെ അമ്മ പ്രേമകുമാരി പറഞ്ഞു.

യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നൽകിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here