കൊട്ടാരക്കരയിൽ ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് ഒൻപത് മണിക്കൂറോളം

0

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് ഒൻപത് മണിക്കൂറോളം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തമിഴ്‌നാട്ടിൽ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോൾ രതീഷ് ലോറിക്കടിയിൽ പെടുകയായിരുന്നു. രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവർ ലോറിയുമായി പോയി. രാവിലെ 8 മണിയോടെയാണ് റോഡരികിൽ നിന്ന് മൃതദേഹം മാറ്റിയത്.

വർക് ഷോപ്പ് ജീവനക്കാരനാണ് മരിച്ച രതീഷ്. വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഡ്രൈവർ മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ലോഡിറക്കി മുന്നോട്ട് എടുത്തപ്പോൾ ലോറിയുടെ ചക്രങ്ങൾ രതീഷിന്റെ ശരീരത്തിൽ കയറിയിറങ്ങി. ഡ്രൈവർ ഇറങ്ങി രതീഷിനെ റോഡ് അരികിലേക്ക് മാറ്റിക്കിടത്തിയ ശേഷം മൂന്നോട്ട് പോവുകയായിരുന്നു. രാവിലെ ഏഴുമണിയോടെ കടയുടമയെത്തിപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രതീഷിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.

ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ ശനിയാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചശേഷമാണ് അറസ്റ്റ്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മറ്റ് വകുപ്പുകൾ ചുമത്തുന്നത് തുടർന്ന് ആലോചിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply