മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കരിങ്കൊടി പ്രതിഷേധം തുടരുന്നു

0

കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കരിങ്കൊടി പ്രതിഷേധം തുടരുന്നു. ദേശീയ പാതയില്‍ ഇന്നും ചുടല എബിസിക്ക് സമീപത്തും പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിലും യൂത്ത് കോണഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡന്റ് വി.രാഹുല്‍, ജില്ലാ സെക്രട്ടറി മഹിത മോഹന്‍, രാഹുല്‍ പൂങ്കാവ്, സുധീഷ് വെള്ളച്ചാല്‍, മനോജ് കൈതപ്രം, വിജേഷ് മാട്ടൂല്‍, ജയ്‌സണ്‍ മാത്യു, സി.വി വരുണ്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് ജില്ലയിലെത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ച് പൊതു പരിപാടിയിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഏഴുപേരെ കരുതല്‍ തടങ്കലിലാക്കി. കാസര്‍ഗോഡ് ചീമേനിയില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപിനെ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കാസര്‍ഗോഡിന് പുറമേ നാല് ജില്ലകളില്‍ നിന്നായി 911 പോലീസുകാരെയും പതിനാല് ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.

Leave a Reply