പണം വാങ്ങി ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

0

തിരുവനന്തപുരം:പണം വാങ്ങി ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർ ഹോട്ടൽ ജീവനക്കാർക്കായി സർക്കാർ പ്രഖ്യാപിച്ച ‘ഹെൽത്ത് കാർഡ്’ പണം വാങ്ങി വ്യാജമായി നൽകിയത് തെളിവു സഹിതം പൊക്കുകയായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർ വനിതാ ഡോക്ടർമാരാണ്.

ആർഎംഒയുടെ ചുമതല വഹിക്കുന്ന അസി.സർജൻ ഡോ.വി.അമിത് കുമാർ, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരായ ഡോ.വിൻസ എസ്.വിൻസന്റ്, ഡോ.ആയിഷ എസ്.ഗോവിന്ദ് എന്നിവർക്കെതിരെയാണു നടപടി. ഹോട്ടലുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനാണ് കാർഡ് നിർബന്ധമാക്കിയത്. ഇത് അവസരമാക്കിയാണ് ആരോഗ്യ ഡയറക്ടർ ഓഫിസിനോടു ചേർന്നുതന്നെയുള്ള ജനറൽ ആശുപത്രിയിലെ പ്രധാന ചുമതലക്കാർ കൈക്കൂലി ഇടപാട് നടത്തിയത്.

പണം ഇടപാട് ദൃശ്യങ്ങൾ സഹിതം വാർത്തയായതോടെയാണു മന്ത്രി വീണാ ജോർജ് നടപടിക്കു നിർദേശിച്ചത്. ആളെപ്പോലും കാണാതെ 300 രൂപ വീതം ഈടാക്കിയായിരുന്നു ഒപ്പും സീലും സഹിതമുള്ള വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും പാർക്കിങ് ഫീസ് പിരിക്കുന്ന ജീവനക്കാരനുമടക്കമാണ് ഇടനിലക്കാരായി പ്രവർത്തിച്ചത്. ഇവരെ പിരിച്ചുവിടാനും നിർദേശിച്ചു.

പകർച്ചവ്യാധി, ത്വക്രോഗം, മുറിവ്, വ്രണം എന്നിവ ഉണ്ടോ എന്നതടക്കമുള്ള പരിശോധനകളും കാഴ്ച പരിശോധനയും നടത്തിയും കോവിഡ് വാക്‌സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കിയുമാണ് അംഗീകൃത ഡോക്ടർ ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇതൊന്നുമില്ലാതെയായിരുന്നു ജനറൽ ആശുപത്രിയിലെ വിതരണം.

ഇടനിലക്കാരൻ വഴി നൽകിയ അപേക്ഷകളിൽ സെക്യൂരിറ്റി മുറിയിലിരുന്നാണ് ഡോ.അമിത് കുമാർ സീൽ വച്ചു നൽകിയത്. കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്നതും കമ്മിഷൻ ഇടനിലക്കാരനു നൽകുന്നതുമെല്ലാം ദൃശ്യങ്ങളിലൂടെ പരസ്യമായി. രണ്ട് വനിതാ ഡോക്ടർമാരുടെ സമാന ഇടപാടുകളും പുറത്തായി. ഇതോടെയാണു നടപടി

LEAVE A REPLY

Please enter your comment!
Please enter your name here