പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നു പറഞ്ഞ് വീട്ടമ്മയെ നിരന്തരം ഫോൺ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്‌പെൻഷൻ

0

പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നു പറഞ്ഞ് വീട്ടമ്മയെ നിരന്തരം ഫോൺ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്‌പെൻഷൻ. കന്റോൺമെന്റ് എസ്ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത്. അശോക് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

പ്ലസ്ടു വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിക്കുകയായിരുന്നു.

കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്നാണ് പരാതി. സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. തുടർന്ന് ഫോൺ റെക്കോർഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകുകയായിരുന്നു. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

വിദ്യാർഥികളുടെ അടിപിടിക്കേസിന്റെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനിൽ ലഭിച്ച പരാതി കണ്ട് ഇയാൾ വിദ്യാർഥിയുടെ വീട്ടിൽ പോവുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ മുൻപും സസ്‌പെൻഷൻ അടക്കം നടപടികൾ ഉണ്ടായിട്ടുണ്ട്.

Leave a Reply