ശക്തമായ ഭൂകമ്പത്തിൽ തുർക്കിക്ക് സ്ഥാനമാറ്റം; തെന്നിമാറിയത് ആറ് മീറ്റർ വരെ പടിഞ്ഞാറ് ഭാഗത്തേക്ക്

0

ഇസ്‌താംബുൾ: ശക്തമായ ഭൂകമ്പത്തിന് പിന്നാലെ തുർക്കി സ്ഥിതിചെയ്യുന്ന ഭൗമഫലകങ്ങൾക്ക് വലിയനിലയിൽ സ്ഥാനമാറ്റം സംഭവിച്ചെന്ന് റിപ്പോർട്ട്. ഇറ്റാലിയൻ ഭൂകമ്പ പഠന ശാസ്‌ത്രജ്ഞനായ കാർലോ ഡോഗ്ളിയോണിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തുർക്കി സ്ഥിതിചെയ്യുന്ന ഭൗമഫലകങ്ങൾ മൂന്നടി വരെ നീങ്ങിയെന്നാണ് കണ്ടെത്തൽ.

സിറിയയുമായി താരതമ്യം ചെയ്യുമ്പോൾ തുർക്കി മുൻപ് നിന്നതിൽ നിന്നും ആറ് മീറ്റർ വരെ പടിഞ്ഞാറ് ഭാഗത്തേക്ക് വഴുതി നീങ്ങിയിരിക്കുകയാണെന്നാണ് ഡോഗ്‌ളിയോണി വ്യക്തമാക്കുന്നു. അറേബ്യൻ ഫലകവുമായി നോക്കുമ്പോൾ തെക്ക് പടിഞ്ഞാറേ ഭാഗത്തേക്ക് അൽപം നീങ്ങിയിരിക്കുകയാണ് തുർക്കി. എന്നാൽ ഈ വിവരങ്ങൾ പ്രാഥമികമായി മനസിലാക്കാവുന്നത് മാത്രമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴി വരുംദിവസങ്ങളിൽ കൃത്യമായ വിവരം ലഭിക്കുമെന്നുമാണ് സൂചനകൾ.

190 കിലോമീറ്റർ നീളത്തിലും 25 കിലോമീറ്റർ വീതിയിലുമുളള പ്രദേശത്താണ് നാശമുണ്ടായിരിക്കുന്നതെന്ന് ഡോഗ്ളിയോണി വെളിപ്പെടുത്തുന്നു. ഒൻപത് മണിക്കൂറോളം ഇടവിട്ട് തീവ്രമായ രണ്ട് ഭൂചലനങ്ങളും ശക്തി അൽപം കുറഞ്ഞ ചെറിയ ചലനങ്ങളുമുണ്ടായി. ശക്തമായ ആൾനാശവും മറ്റുമാണ് ഈ സമയത്തുണ്ടായത്.

അതികഠിനമായ കാലാവസ്ഥാ നിലനിൽക്കുമ്പോഴും തുർക്കിയിൽ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. 11,000ലധികം ജനങ്ങൾക്കാണ് തുർക്കിയിലും സിറിയയിലുമായി ദുരന്തത്തിൽ ജീവൻ നഷ്‌ടമായത്.

Leave a Reply