ശബരിമലയേയും എരുമേലിയേയും വയനാടിനേയും ഇടുക്കിയേയും കുട്ടനാടിനേയും മറക്കാതെ സംസ്ഥാന ബജറ്റ്

0

ശബരിമലയേയും എരുമേലിയേയും വയനാടിനേയും ഇടുക്കിയേയും കുട്ടനാടിനേയും മറക്കാതെ സംസ്ഥാന ബജറ്റ്. വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റിൽ 1259.66 കോടി വകമാറ്റി. വ്യവസായ വികസന കോർപറേഷന് 122.25 കോടിയും നൽകി. ചെന്നൈ ബംഗലൂരു വ്യാവസായ ഇടനാഴി , സാമ്പത്തിക തൊഴിൽ വളർച്ചക്ക് വഴി വക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വ്യവാസയ വികസനത്തിലൂടെ മുമ്പോട്ട് കുതിക്കലാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യമേഖലയ്‌ക്കൊപ്പം ജലസേചനത്തിനും കൃഷിക്കും മുൻതൂക്കമുണ്ട്. പാരമ്പര്യ തൊഴി മേഖലയേയും മറക്കുന്നില്ല. കുടുംബശ്രീയ്ക്കും നൽകുന്നു പ്രത്യേക സഹായം.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പരമാവധി ജനപ്രിയമാക്കാൻ ഈ ബജറ്റിൽ ധനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ മേഖലയേയും സ്പർശിച്ചുവെന്ന് വരുത്താനാണ് ശ്രമം. ഇടക്കിയിലേയും വയനാട്ടിലേയും ജനകീയ പ്രതിഷേധങ്ങൾ പാക്കേജുകളാക്കി മാറ്റിയിട്ടുണ്ട്. അടിസ്ഥന സൗകര്യ വികസനത്തിനൊപ്പം കാർഷിക മേഖലയിലെ ഇടപെടലിന്റെ പ്രാധാന്യവും ബജറ്റ് മുമ്പോട്ട് വയ്ക്കുന്നുണ്ട്. ചെലവ് പരമാവധി കുറച്ച് പദ്ധതികൾ കാര്യക്ഷ്മമാക്കി നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയെ കരുത്തുള്ളതാക്കുന്നതും സ്ത്രീ ശാക്തീകരണ മോഡലിന് വേണ്ടിയാണ്.

സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടി. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി, കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി, ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടി, കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി, കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി ഇങ്ങനെ പോകുന്നു പ്രഖ്യാപനം. 2026 ന് മുൻപ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ധനമന്ത്രി. ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായി 7.8 കോടി രൂപ ബജറ്റിൽ വകമാറ്റി.

കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടിയും തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടിയും ഡാം പുനരുദ്ധാനത്തിനും വികസനത്തിന് 58 കോടിയും കുളങ്ങളുടെ നവീകരണം -7.5 കോടിയും മാറ്റി വയ്ക്കുന്നു. കുട്ടനാട് പാടശേഖരം പുറംബണ്ട് നിർമ്മാണത്തിന് 100 കോടിയും ഉണ്ട്. മീനച്ചിലാറിന് കുറുകം അരുണാപുരത്ത് പുതിയ ഡാം വരും. ഇതിന് 3 കോടി അനുദവിക്കുന്നു. ശബരിമല മാസ്റ്റർ പ്ലാനിന്റെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തുന്നു.

വനസംരക്ഷണ പദ്ധതിക്കായി 26 കോടി മാറ്റിവെച്ചതിന് പുറമേ, ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി, കോട്ടുകാൽ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി, തൃശൂർ സൂളോജിക്കൽ പാർക്കിനായി 6 കോടി, 16 വന്യജീവി സംരഷണത്തിന് 17 കോടിയും വകയിരുത്തി. മത്സ്യ ബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റാൻ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. കടലിൽ നിന്ന് പ്ലസ്റ്റിക് നീക്കാൻ ശുചിത്വ സാഗരത്തിന് 5 കോടി അനുവദിച്ചു. സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടി വകമാറ്റി. ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കും. ഇതിനായി ഒരു കോടി വകമാറ്റി.

മൃഗചികിത്സ സേവനങ്ങൾക്ക് 41 കോടിയും പുതിയ ഡയറി പാർക്കിന് 2 കോടിയും മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യക്ക് 13.5 കോടിയും നാളികേര വികസന പദ്ധതിക്കായി 60.85 കോടിയും നെൽകൃഷിക്ക് 91.05 കോടിയും നാളീകേരത്തിന്റ താങ്ങു വില കൂട്ടുകയും ചെയ്തു. നാളികേര താങ്ങുവില 32 രൂപയിൽ നിന്ന് 34 ആക്കിയെന്നതും കർഷകർക്ക് ഗുണകരമാകും. സ്മാർട് കൃഷിഭവനുകൾക്ക് 10 കോടിയും കാർഷിക കർമ്മ സേനകൾക്ക് 8 കോടിയും വിള ഇൻഷുറൻസിന് 30 കോടിയും മാറ്റി വച്ചിട്ടുണ്ട്.

തൃത്താലക്കും കുറ്റ്യാടിക്കും നീർത്തട വികസനത്തിന് 2 കോടി വീതം നൽകും. കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി ഉണ്ട്. കാരാപ്പുഴ പദ്ധതിക്കുള്ള തുക 20 കോടിയായി വർധിപ്പിച്ചു. ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്കായി 75 കോടിയും അനുവദിച്ചിട്ടുണ്ട്

Leave a Reply