തിരിച്ചടി നേരിടുന്നതൊന്നും ശ്രീലങ്കയ്ക്ക് പ്രശ്നമല്ല ; അദാനിയ്ക്ക് രണ്ടു വന്‍ പദ്ധതി നല്‍കി ; ഒരു മാസം കൊണ്ട് ഇടിഞ്ഞത് 12 ലക്ഷം കോടി ധനികരുടെ പട്ടികയില്‍ മൂന്നില്‍ നിന്ന് 27 ല്‍

0


കൊളംബോ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെ വലിയ തിരിച്ചടിയാണ് ഓഹരി വിപണിയില്‍ നേരിടുന്നതെങ്കിലും രണ്ടു വമ്പന്‍ ഊര്‍ജ്ജപദ്ധതികള്‍ അദാനിക്ക് അനുവദിച്ച് ശ്രീലങ്ക. ദ്വീപ്‌രാഷ്ട്രത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ 442 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തില്‍ രണ്ടു പദ്ധതികള്‍ക്കാണ ശ്രീലങ്കയുടെ നിക്ഷേപ പ്രചാരസമിതി അനുമതി നല്‍കിയിട്ടുള്ളത്.

മാന്നാറിലെ 250 മെഗാവാട്ട് വരുന്ന വിന്റ് പവര്‍ പ്ലാന്റും മറ്റൊന്ന് 100 മെഗാവാട്ട് കപ്പാസിറ്റിയുള്ള പൂനെരിനിലെ പ്ലാന്റുമാണ് പദ്ധതിയിലുള്ളത്. ഇക്കാര്യത്തിലുള്ള അനുമതിപത്രം ശ്രീലങ്കന്‍ സര്‍ക്കാര്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് അയച്ചു. 350 മെഗാവാട്ട് വരുന്ന രണ്ടു കാറ്റ് പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. അത് 2025 ല്‍ ദേശീയഗ്രിഡിന്റെ ഭാഗമായി മാറുകയും ചെയ്യും.

ഈ പദ്ധതിയിലൂടെ ശ്രീലങ്കയില്‍ 1500-2000 പുതിയ തൊഴിലവസരം തുറക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിനായി ഈ ആഴ്ചയില്‍ ആദ്യം അദാനിഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഊര്‍ജ്ജമന്ത്രി കാഞ്ചന വിജേസേക്കാരയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയുടെ ഊര്‍ജ്ജമേഖലയില്‍ അദാനി മറ്റൊരു നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. കൊളംബോയിലെ വെസ്‌റ്റേണ്‍ കണ്ടെയ്‌നര്‍ ടെര്‍മിനലാണ് അത്. ഗോതാബായ രാജപക്‌സേയുടെ പ്രസിഡന്റ് പദത്തിന് കീഴിലായിരുന്നു കൊളംബോ തുറമുഖത്തെ പടിഞ്ഞാറന്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പണി നടന്നത്.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിന്റെ തകര്‍ച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാവുന്നു. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ നിന്ന് 27 ആം സ്ഥാനത്തേക്കാണ് അദാനി വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here