അതിഥി തൊഴിലാളികളുടെ അനധികൃത പാർപ്പിടങ്ങൾ കണ്ടെത്താൻ പ്രത്യേകസംഘം

0

അതിഥി തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ തലങ്ങളിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ലേബർ കമ്മിഷണർ കെ.വാസുകി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികളിലേക്കു കടക്കും.

അതിഥി തൊഴിലാളികളെ പരസ്പരം ബന്ധിപ്പിക്കുകയും തിരിച്ചറിയൽ നമ്പർ നൽകുകയും ചെയ്യുന്ന അതിഥി മൊബൈൽ ആപ്പിന്റെ പ്രവർത്തനം ഏപ്രിലോടെ കാര്യക്ഷമമാക്കും. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണ് ഈ ആപ് അവതരിപ്പിക്കുന്നതായി അറിയിച്ചത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള (ചിയാക്) ആണ് ആപ് വികസിപ്പിക്കുന്നത്. അതിഥി പോർട്ടലും ഇതോടൊപ്പം നിലവിൽ വരും.

കേരളത്തിലെ 33 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ആപ് വഴി അറിയാനാകുമെന്നാണ് പ്രതീക്ഷ. പൊലീസ്, തൊഴിൽ, ആരോഗ്യവിഭാഗം എന്നിവയുടെ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ വിധത്തിലാണ് ആപ്പിന്റെ രൂപകൽപന. തൊഴിലാളികൾക്ക് ചികിത്സ, അപകട ഇൻഷുറൻസ് എന്നിവ ഉറപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് കാർഡ് 2018ൽ അവതരിപ്പിച്ചിരുന്നു. തൊഴിലാളി ക്ഷേമനിധി ബോർഡ് നേരത്തെ അതിഥി തൊഴിലാളികൾക്കായി ഗെസ്റ്റ് ആപ്പും അവതരിപ്പിച്ചിരുന്നു. ഇവയുടെ എല്ലാം പോരായ്മകൾ നികത്തി ഒറ്റ ക്ലിക്കിൽ സമഗ്രമായ വിവരങ്ങൾ അതിഥി ആപ്പിലൂടെ കൊണ്ടുവരാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here