പുതുക്കിയ വാട്ടർ ചാർജ് വർധന ചെറിയ ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ ‘വെള്ളം കുടിപ്പിക്കും’. സമുച്ചയത്തിൽ 10 ഫ്ലാറ്റുകളിൽ താഴെയാണുള്ളതെങ്കിൽ (10 ബിൽഡിങ് യൂണിറ്റുകൾ) അതിനെ വീടായി കണക്കാക്കുമെന്ന ജലഅതോറിറ്റി മാനദണ്ഡമാണ് ഇരുട്ടടിയാവുന്നത്. കെട്ടിടത്തിൽ 10 ബിൽഡിങ് യൂണിറ്റോ അതിനു മുകളിലോ ഉണ്ടെങ്കിൽ അതിനെ ഫ്ലാറ്റായി കണക്കാക്കുമെന്ന് കേരള വാട്ടർ സപ്ലൈ ആൻഡ് സുവിജ് നിയമത്തിൽ പറയുന്നു. 1000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടത്തെ ഫ്ലാറ്റായി കണക്കാക്കുമെങ്കിലും അത് കണക‍്ഷൻ നൽകുന്നതിനു മാത്രമാണ്. 10 യൂണിറ്റിൽ താഴെയാണെങ്കിൽ വീടായി കണക്കാക്കി വാട്ടർ ചാർജ് നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ലീറ്ററിന് ഒരു പൈസ വർധിപ്പിച്ചുള്ള ബിൽ വരും മാസങ്ങളിൽ ലഭിക്കുമ്പോൾ നിലവിലുള്ളതിനെക്കാൾ മൂന്നിരട്ടിയിലേറെ തുകയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ നൽകേണ്ടി വരിക.