ദുരിതാശ്വാസനിധി തട്ടിപ്പ്‌ : ഡോക്‌ടര്‍മാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കുമെതിരേ വിജിലന്‍സ്‌ അന്വേഷണം

0


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു തട്ടിപ്പു നടത്താന്‍ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്‌ഥര്‍ക്കും ഡോക്‌ടര്‍മാര്‍ക്കുമെതിരേ നടപടി. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ താലൂക്കുകളിലെയും കലക്‌ടറേറ്റുകളിലെയും ഉദ്യോഗസ്‌ഥരെ കേന്ദ്രീകരിച്ചാകും തുടരനേ്വഷണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ഡോക്‌ടര്‍മാരെക്കുറിച്ചും വിശദമായ അനേ്വഷണം നടത്തും. ഇതില്‍ ക്രമക്കേട്‌ തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേ കേസെടുത്ത്‌ അനേ്വഷണം നടത്താന്‍ വിജിലന്‍സ്‌ സര്‍ക്കാരിനു ശിപാര്‍ശ നല്‍കും.
തുടരനേ്വഷണത്തിന്‌ റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്‌ഥരുടെ സഹായം ആവശ്യപ്പെട്ട്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ കത്ത്‌ നല്‍കി. പ്രാഥമിക അനേ്വഷണത്തില്‍ കണ്ടെത്തിയ വന്‍ തട്ടിപ്പുകളിലാകും ആദ്യം വിശദമായ അനേ്വഷണം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌ ജില്ലയിലാണ്‌ വ്യാപക ക്രമക്കേട്‌ കണ്ടെത്തിയത്‌. നൂറിലധികം അപേക്ഷകളില്‍ പോലും ഒരേ ഏജന്റിന്റെ പേര്‌ കണ്ടെത്തി. ഒരു ഡോക്‌ടര്‍തന്നെ നിരവധി പേര്‍ക്ക്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുമുണ്ട്‌. സ്വകാര്യ ആയുര്‍വേദ ഡോക്‌ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിലും പണം കൈമാറി. ഇതൊക്കെ ഗുരുതര വീഴ്‌ചകളായാണ്‌ വിജിലന്‍സ്‌ കാണുന്നത്‌. ഓരോ കേസും പ്രത്യേകം പരിശോധിക്കും. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന സൂചനയും അവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. വലിയ വരുമാനമുള്ളവര്‍ക്കും വരുമാനം താഴ്‌ത്തിയുള്ള സര്‍ട്ടിഫിക്കറ്റുകളാണു നല്‍കിയതെന്നും കണ്ടെത്തി.
കൊല്ലത്ത്‌ അപേക്ഷ സമര്‍പ്പിക്കാത്ത വ്യക്‌തിക്ക്‌ വീട്‌ അറ്റകുറ്റപ്പണിക്ക്‌ നാലു ലക്ഷം രൂപ അനുവദിച്ചതിലും വിശദമായ അനേ്വഷണം നടക്കുകയാണ്‌. തട്ടിപ്പിന്റെ വ്യാപ്‌തി കൂടുതലായതിനാല്‍ വിജിലന്‍സിന്‌ മാത്രം തുടരനേ്വഷണം നടത്താനാകില്ല. അത്‌ കൊണ്ടാണ്‌ റവന്യും ഓഡിറ്റിലെ ഉദ്യോഗസ്‌ഥരുടെ സഹായം തേടിയത്‌. പതിനായിരക്കണക്കിന്‌ അപേക്ഷകളാണ്‌ പരിശോധിക്കേണ്ടത്‌. വിപുലമായ അനേ്വഷണത്തിന്‌ കൂടുതല്‍ സമയവും ആവശ്യമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here