ജപ്‌തിഭീഷണിയെത്തുടര്‍ന്ന്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തതായി ബന്ധുക്കള്‍

0


പുല്‍പ്പള്ളി: ബാങ്കിന്റെ ജപ്‌തി ഭീഷണിയെത്തുടര്‍ന്ന്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തതായി ബന്ധുക്കള്‍. ഭുതാനം നടുക്കുടിയില്‍ കൃഷ്‌ണന്‍കുട്ടി(70) യാണു മരിച്ചത്‌. വിഷം കഴിച്ച്‌ അവശനിലയിലായ കൃഷ്‌ണന്‍കുട്ടിയെ നാട്ടുകാര്‍ മാനന്തവാടിയിലെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2013 ല്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍നിന്ന്‌ ഒരുലക്ഷം രൂപ കൃഷ്‌ണന്‍കുട്ടി വായ്‌പയെടുത്തിരുന്നു. ഇതിന്‌ രണ്ടുതവണ പലിശ അടച്ചതായും തിരിച്ചടവ്‌ മുടങ്ങിയതിനെത്തുടര്‍ന്ന്‌ ബാങ്കുകാര്‍ ജപ്‌തിവിവരം അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ്‌ കര്‍ണാടക അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പയിലെത്തി കൃഷ്‌ണന്‍കുട്ടി വിഷം കഴിച്ചതെന്നു പറയപ്പെടുന്നു. 2014 ല്‍ ഭാര്യ വിലാസിനിയുടെ പേരില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍നിന്ന്‌ എടുത്ത വായ്‌പയും കുടിശികയായിട്ടുണ്ട്‌. കാന്‍സര്‍ രോഗിയായ കൃഷ്‌ണന്‍കുട്ടി ഇടയ്‌ക്ക്‌ ലോട്ടറിക്കച്ചവടം നടത്തിയിരുന്നു. സാമ്പത്തികബാധ്യതയാണു മരണകാരണമെന്ന്‌ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കര്‍ക്കശമായ ജപ്‌തിനടപടികളോ മറ്റു നടപടികളോ ഉണ്ടായിട്ടില്ലെന്നാണ്‌ബാങ്ക്‌ അധികൃതരുടെ ഭാഷ്യം. മക്കള്‍: മനോജ്‌, പ്രിയ. മരുമക്കള്‍: സന്ധ്യ, ജോയി പോള്‍.

Leave a Reply