പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കൈപ്പറ്റി; ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയത് നാല് യുവതികള്‍

0


ലഖ്‌നൗ: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ച പണം കൈപ്പറ്റിയതോടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയത് നാല് ഭാര്യമാര്‍. ഉത്തര്‍പ്രദേശിലാണ് ഈ സംഭവം. പണം തിരികെ ലഭിക്കുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും താഴ്ന്ന ഇടത്തരം വരുമാനമുള്ളവര്‍ക്കും ഭവന നിര്‍മ്മാണത്തിന് വേണ്ടി പണം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഇതിനായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം വരുന്നത്. പദ്ധതി പ്രകാരം കുടുംബനാഥന്‍ വീടിന്റെ ഉടമയോ സഹ ഉടമയോ ആകണമെന്നത് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഗുണഭോക്താക്കളായ നാല് സ്ത്രീകള്‍ ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തി ഇവര്‍ക്ക് ലഭിച്ച ആദ്യത്തെ ഗഡുവായ 50,000 രൂപയുമായി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം കടന്നുകളയുകയായിരുന്നു. ജില്ലയിലെ നഗര പഞ്ചായത്തുകളായ ബെല്‍ഹാര, ബങ്കി, സെയ്ദ്പൂര്‍, സിദ്ധൗര്‍ എന്നീ സ്ഥലങ്ങളിലുളള സ്ത്രീകളാണ് കാമുകന്മാരുമായി മുങ്ങിയത്. ഇവരുടെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ സര്‍ക്കാര്‍ ഓഫീസിലെത്തി അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തങ്ങളുടെ ഭാര്യമാര്‍ അവരുടെ കാമുകന്മാരോടൊപ്പം പോയെന്നും പദ്ധതിയുടെ രണ്ടാം ഗഡു അവരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യരുതെന്നും ഭര്‍ത്താക്കന്മാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here