സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല

0

സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോൾത്തന്നെ മനുഷ്യന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അതിനു മേലാണ് എല്ലാത്തിനും നികുതി കൂട്ടിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും വർദ്ധനവ്, വൈദ്യുതിക്കു വർദ്ധനവ്, കുടിവെള്ളത്തിനു വർദ്ധനവ് , വീടിനു വർദ്ധനവ് അങ്ങനെ പോകുന്നു നികുതിവർദ്ധനവുകൾ. എന്ത് ന്യായമാണ് ഇത്? നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി വിജയനും ചെയ്യുന്നത്.

ചേട്ടൻ ബാവ അനിയൻ ബാവ പോലെ. കേന്ദ്രത്തിൽ മോദി ഓരോ ദിവസവും പെട്രോളിന് വിലകൂട്ടുന്നു. ആ കൂട്ടിയ വരുമാനം വേണ്ടെന്നു വെച്ചതാണ് ഉമ്മൻ ചാണ്ടി സർക്കാർ.1000 കോടി രൂപ അങ്ങനെ വേണ്ടെന്നു വെച്ചു. കേന്ദ്രത്തിന്റെ അധിക വരുമാനം കുറച്ചില്ലെന്നു മാത്രമല്ല 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ജനങ്ങളുടെ നടു ഒടിക്കുന്ന നിലപാടാണിത്. ഇതാണോ ഇടതുപക്ഷത്തിന്റെ ബജറ്റ് .കേരളത്തിലെ ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ഇത്. ജനങ്ങളെ നരകത്തിലേക്ക് തള്ളിയിടുകയാണ്. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു പോകും.

കിഫ്ബി വായ്പ എടുത്താൽ ഉണ്ടാകുന്ന ദുരന്തം ഞങ്ങൾ അന്നേ പറഞ്ഞതാണ്. വായ്പ എടുത്താൽ കടമെടുപ്പ് വായ്പയുടെ പരിധിയിൽ വരുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. കിഫ്ബി എന്ന പദ്ധതി തന്നെ ഇല്ലാതായിരിക്കുകയാണ്. ഈ പദ്ധതി നടപ്പിലാകുന്നുണ്ടോ ? ഒച്ചിന്റെ വേഗതയിലാണ് പദ്ധതികൾ നടക്കുന്നത്. ആകെ പൂർത്തിയായത് 100 പദ്ധതിയാണ്. കിഫ്ബി വെള്ളാന എന്ന് പറഞ്ഞത് എത്ര ശരിയായിരുന്നു.

പാവപ്പെട്ടവന്റെ തലയിൽ വീഴുന്ന വെള്ളിടിയാണിത്. ജനവിരുദ്ധ ബജറ്റാണ് ഇത്. ഈ ബജറ്റിനെതിരെ ശക്തമായ ജനവികാരം ഉയർന്നുവരണമെന്നാണ് എനിക്ക് പറയുവാനുള്ളത്. ഞാൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ എനിക്ക് അറ്റാഷെ സെക്രട്ടറിയുണ്ടായിരുന്നു. ഞാൻ എഐസിസി സെക്രട്ടറിയായിരുന്നപ്പോൾ അന്നത്തെ പ്രസിഡന്റിനോടൊപ്പം അറ്റാച്ച് ചെയ്ത ആളാണ്. കെപിസിസി പ്രസിഡന്റിനോടൊപ്പം സെക്രട്ടറി വന്നതിൽ യാതൊരു തെറ്റുമില്ല. നല്ലകാര്യമാണ്. പ്രസിഡന്റിനെ സഹായിക്കുവാനാണ് വച്ചത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply