കോട്ടയത്തുനിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിൽ; കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടു; രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതായി വിവരം

0

കോട്ടയം: കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ മുതൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ബഷീർ തമിഴ്‌നാട് ഏർവാടി പള്ളിയിലുള്ളതായി വിവരം. ബഷീർ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് ബഷീർ അറിയിച്ചതായും പൊലീസ് അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സി.പി.ഒ. ബഷീറിനെ ക്വാട്ടേഴ്സിൽ നിന്ന് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാൻ ബഷീർ പോകാനിരിക്കെയാണ് സംഭവം. ബഷീർ കോട്ടയത്തുനിന്നു ട്രെയിനിൽ കയറിയതായുള്ള സൂചന പൊലീസിനു ലഭിച്ചിരുന്നു.

അമിത ജോലിഭാരം മൂലം ബഷീർ സമ്മർദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെൻഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ നിർദേശിച്ചിരുന്നു. അമ്പതോളം എൽ.പി. വാറണ്ട് കേസുകൾ ബഷീറിന്റെ ചുമതലയിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇദ്ദേഹത്തിന്റെ ഫോൺ ഉൾപ്പെടെ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. ബഷീറിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബന്ധുക്കളെ തേടി ഇദ്ദേഹത്തിന്റെ വിളിയെത്തിയത്.

Leave a Reply