ജീവിതം വഴിമുട്ടിച്ച്‌ പാറമട; പിഞ്ചുകുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ച്‌ യുവതി

0


മുണ്ടക്കയം: ഇളങ്കാട്‌ വല്ല്യന്തയിലെ പാറമടമൂലം ജീവിതം വഴിമുട്ടിയ യുവതി പുഞ്ചുകുഞ്ഞുമായി വന്ന്‌ പഞ്ചായത്താഫീസിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മനം നൊന്ത്‌ ഇളംകാട്‌ കൊടുങ്ങാക്കല്‍ റോസമ്മ ശാമൂവേ (38)ലാണ്‌ രണ്ടര വയസുള്ള മകള്‍ ദിയയുമായി കൂട്ടിക്കല്‍ പഞ്ചായത്താഫീസിനു മുന്നില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചത്‌.
വല്ല്യന്തയിലെ പാറമടയ്‌ക്കു സമീപം യുവതിക്കു വീടും ഒന്നേമുക്കാല്‍ ഏക്കര്‍ സ്‌ഥലവുമുണ്ട്‌. രോഗിയായ അമ്മയും കുഞ്ഞുമായി ഇവിടെ കഴിയുന്നതിനിടെ പാറമടയില്‍ നിന്നുള്ള പൊടിയും ശബ്‌ദവും മൂലം ഏറെ ബുദ്ധിമുട്ടിലായിരുന്നു.
ജീവിതം ദുസഹമായതോടെ ഇവര്‍ ഏന്തയാര്‍, തേന്‍പുഴ മേഖലകളില്‍ വാടകയ്‌ക്കു താമസിച്ചു വരികയായിരുന്നു. പാറമടയ്‌ക്കു സമീപമുള്ള സ്‌ഥലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാറമടയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടു ഇവര്‍ ഗോത്രവര്‍ഗ കമ്മിഷനും പഞ്ചായത്ത്‌ അധികൃതര്‍ക്കും മുന്നില്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, പാറമട മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടാണ്‌ അധികാരികള്‍ സ്വീകരിച്ചതെന്നു ഇവര്‍ കറ്റപ്പെടുത്തി. കോവിഡ്‌ സമയത്തു താത്‌കാലികമായി പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും കോടതി ഉത്തരവുമായി വന്നു വീണ്ടും പാറമടയുടെ പ്രവര്‍ത്തനം സജീവമായി. ഇന്നലെ ഉച്ചയ്‌ക്കു രണ്ടുമണിയോടെ പിഞ്ചുകുഞ്ഞും പ്ലാസ്‌റ്റിക്‌ ജാറില്‍ മണ്ണെണ്ണയും എത്തിയ റോസമ്മ പഞ്ചായത്തു ജനപ്രതിനിധികളോടും സംസാരിക്കുകയും പിന്നീട്‌ അപ്രതീക്ഷിതമായി പഞ്ചായത്തിന്റെ തിണ്ണയില്‍ വച്ചു തന്റെയും കുഞ്ഞിന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധുമുരളീധരനും സഹഅംഗങ്ങളും നോക്കി നില്‍ക്കവെയാണ്‌ ആത്മഹത്യശ്രമം നടത്തിയത്‌.അംഗങ്ങളില്‍ കെ.എസ്‌. മോഹനന്‍, ആന്‍സി അഗസ്‌റ്റിന്‍ എന്നിവര്‍ മുന്നോട്ടു വരികയും മണ്ണെണ്ണ ജാറ്‌ ബലംപ്രയോഗിച്ചു പിടച്ചു മാറ്റുകയും ചെയ്‌തു. ഇതിനിടയില്‍ ഇവര്‍ കൈവശമുണ്ടായിരുന്ന സിഗരറ്റ്‌ ലൈറ്റര്‍ ഉപയോഗിച്ചു തീകൊളുത്താനും ശ്രമം നടത്തി. പഞ്ചായത്തംഗം കെ.എസ്‌. മോഹനന്‍ ലൈറ്റര്‍ വാങ്ങി ദൂരേക്ക്‌ എറിഞ്ഞു. ആന്‍സി അഗസ്‌റ്റിന്‍ റോസമ്മയുടെ കൈയില്‍നിന്നു മണ്ണെണ്ണയില്‍ കുളിച്ചു നിന്ന കുട്ടിയെ ബലംപ്രയോഗിച്ചു പിടിച്ചുവാങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഓടികൂടിയ സമീപവാസികള്‍ ബക്കറ്റില്‍വെളളം കൊണ്ടുവന്നു ഇരുവരുടെയും ശരീരത്തില്‍ ഒഴിച്ചാണു രക്ഷപ്പെടുത്തിയത്‌.
റോഡില്‍ കുഴഞ്ഞുവീണ റോസമ്മയെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി ഇവരെ രാത്രി ഏഴു മണിയോടെ വീട്ടിലേക്കയച്ചു.

Leave a Reply