പായിപ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ രാജിവെച്ചു

0

പായിപ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ രാജിവെച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി 9-ാം വാർഡിൽനിന്ന് വിജയിച്ച നിസ ധാരണപ്രകാരം ഡിസംബറിൽ രാജിവെക്കേണ്ടതായിരുന്നു.

എന്നാൽ, മുതിർന്ന കോൺഗ്രസ് അംഗം പി.എം. അസീസ് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയതോടെ നിസയുടെ രാജി നീണ്ടു. 22 അംഗ പഞ്ചായത്ത് സമിതിയിൽ ഒരംഗം നിലപാട് മാറ്റിയാൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാകും. അതുകൊണ്ടുതന്നെ അസീസിന്റെ നിലപാട് നിർണായകമാണ്. ഇതിനിടെ നേരത്തേ രണ്ടാം ടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് പറഞ്ഞിരുന്ന വനിതാ അംഗവും പ്രതിഷേധവുമായി രംഗത്തുവന്നതോടെ നിസ രാജി നൽകി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരംഗവും അവകാശമുന്നയിച്ചിട്ടുണ്ട്. ഇതോടെ പായിപ്രയിലെ കോൺഗ്രസ് രാഷ്ട്രീയവും പഞ്ചായത്ത് ഭരണവും പ്രശ്നങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു. മുന്നണി ധാരണപ്രകാരം അവസാന രണ്ടുവർഷം മുസ്‌ലിം ലീഗ് പ്രതിനിധിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്.

നിലവിൽ കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഭിന്നത ലീഗിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യു.ഡി.എഫിലെ ഒന്നോ രണ്ടോ അംഗങ്ങൾ നിലപാട് മാറ്റിയാൽ ഭരണം നഷ്ടമാകും. പത്ത് അംഗങ്ങളുള്ള ഇടതുമുന്നണിയും രാഷ്ട്രീയനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസിൽ നിന്നുള്ള പതിനാറാം വാർഡ് അംഗം ഷോബി അനിൽ യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്നാണ് സൂചന. കോൺഗ്രസിലെ മാത്യൂസ് വർക്കിയാണ് പ്രസിഡന്റ്. മുസ്‌ലിം ലീഗിൽ വനിതാ പ്രതിനിധിയില്ലാത്തതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് ലഭിക്കുകയായിരുന്നു. കോൺഗ്രസ് 9, ലീഗ് 3, സി.പി.എം. 8, സി.പി.ഐ. 2 എന്നിങ്ങനെയാണ് കക്ഷിനില.

LEAVE A REPLY

Please enter your comment!
Please enter your name here