ഓപ്പറേഷൻ ആഗ് – റൂറല്‍ ജില്ലയില്‍ 107 പേർ അറസ്റ്റിൽ

0

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്‍റെ നിർദ്ദേശപ്രകാരം എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഓപ്പറേഷൻ ആഗിൽ 37 ഗുണ്ടകൾ ഉൾപ്പടെ 107 പേർ അറസ്റ്റിൽ. ഇതിൽ 9 പേർ ഒളിവിൽ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറണ്ടുള്ള 61 പേരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. കാപ്പ ചുമത്തി ജയിലിലടച്ചതിന് ശേഷം മോചിതരായ 38 പേരെയും, നാടുകടത്തൽ ശിക്ഷ പൂർത്തിയാക്കിയ 49 പേരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തൽസ്ഥിതി വിലയിരുത്തി. റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലായി പ്രത്യേക ടീം രൂപീകരിച്ചായിരുന്നു ചെക്കിംഗ് നടത്തിയത്. ഓപ്പറേഷന്‍റെ ഭാഗമായി ഒരാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കാപ്പ നിയമം ലംഘിച്ചതിന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ എളങ്കുന്നപ്പുഴ പണിക്കശ്ശേരി വീട്ടിൽ ലെനീഷ് (37) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.കാപ്പ നിയമം ലംഘിച്ചതിന് ചേലാമറ്റം വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (26) നെയാണ് ഓപ്പറേഷൻ ആഗിൽ അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയായ നാല് പേരെ കാപ്പ ചുമത്തി നാടുകടത്താൻ തീരുമാനമായിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ പട്ടികയിലുള്ള ഇരുനൂറിലേറെ പേരുടെ വീട്ടുകളിലും സ്ഥാപനങ്ങളിലും ചെക്കിംഗ് നടത്തി. ഹോട്ടലുകളിലും, ബാറുകളിലും, ലോഡ്ജുകളിലും പരിശോധന നടത്തി. ബാറുകൾ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ഡി.ജെ പാർട്ടികൾ നടത്തുന്നയിടങ്ങളിലും പരിശോധനയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here