പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു; 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

0

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ കോളജിന്റെ ഹോസ്റ്റലില്‍ താമസിച്ചിരുന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുളള 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുതുടങ്ങി.

കഴിഞ്ഞ ദിവസം ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലും നോറോ വൈറസ് സ്ഥികരീച്ചിരുന്നു. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട് ചികിത്സ തേടുകയായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. സ്‌കൂളിലേക്കുളള കുടിവെളള പൈപ്പനില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നായിരുന്നു കണ്ടെത്തല്‍.

എറണാകുളത്തെ കാക്കനാട്ടുളള സ്വകാര്യ സ്‌കൂളിലും നേരത്തെ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ത്ഥികളിലായിരുന്നു രോഗ ലക്ഷണങ്ങള്‍ കണ്ടത്.ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ പരിശോധന ഫലം ലഭിച്ചപ്പോഴാണ് നോറോ വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്.

Leave a Reply