കേന്ദ്രം കൊണ്ടുപോകുന്ന സെസ്‌ ആരും കാണുന്നില്ല കേന്ദ്ര ബജറ്റ്‌ ചര്‍ച്ചയാക്കാതിരിക്കാന്‍ യു.ഡി.എഫ്‌. ഒത്തുകളിച്ചു: ധനമന്ത്രി

0


തിരുവനന്തപുരം: ബി.ജെ.പി. ആഗ്രഹിച്ചതുപോലെ, കേന്ദ്രത്തിന്റെ ജനവിരുദ്ധ ബജറ്റ്‌ ചര്‍ച്ചയാക്കാതിരിക്കാന്‍ യു.ഡി.എഫ്‌. അവരുമൊത്ത്‌ കേരളത്തിനെതിരേ പ്രക്ഷോഭത്തിലേക്കു പോയെന്ന്‌ മന്ത്രി കെ.എന്‍. ബാലഗോപാല്‍.
ഏറ്റവും ജനവിരുദ്ധ ബജറ്റാണ്‌ കേന്ദ്രം അവതരിപ്പിച്ചത്‌. തൊഴിലുറപ്പിലുള്ളതുള്‍പ്പെടെ വിഹിതങ്ങള്‍ വെട്ടിക്കുറച്ചു. അതിനെക്കുറിച്ചും അദാനി പ്രശ്‌നത്തെക്കുറിച്ചും രാജ്യത്തെ മറ്റ്‌ പല സംസ്‌ഥാനങ്ങളിലും വലിയ ചര്‍ച്ച നടക്കുന്നുണ്ട്‌. രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചു. അതൊന്നും ഇവിടെ ചര്‍ച്ചചെയ്യാതെ ചരിത്രത്തിലില്ലാത്തതുപോലെ ബജറ്റിനെതിരായി പ്രക്ഷോഭവുമായി നീങ്ങുകയാണ്‌ യു.ഡി.എഫ്‌ എന്നും ബാലഗോപാല്‍ പത്രസമ്മേളത്തില്‍ കുറ്റപ്പെടുത്തി.
കേരളത്തിന്‌ കിട്ടിക്കൊണ്ടിരുന്ന അര്‍ഹമായ നികുതിവിഹിതം ഇപ്പോള്‍ കേന്ദ്രം തരുന്നില്ല. അത്‌ ലഭിച്ചാല്‍ കടമെടുക്കേണ്ട ആവശ്യംപോലും വരില്ല. റവന്യു കമ്മി ഗ്രാന്റ്‌ ഒരു പരിഹാരമല്ല. ധനകാര്യകമ്മിഷനില്‍ അര്‍ഹമായ വിഹിതം ലഭിക്കണം. ഈ ഘട്ടത്തില്‍ നികുതിവര്‍ധന ഏര്‍പ്പെടുത്താതിരിക്കാനാവില്ല.
കഴിഞ്ഞ രണ്ടു ബജറ്റിലും താന്‍ ഒരു നികുതിയും ഏര്‍പ്പെടുത്തിയിരുന്നില്ല. 2015-16ലെ ബജറ്റില്‍ യു.ഡി.എഫ്‌ പെട്രോള്‍-ഡീസലിന്‌ ഒരു രൂപ അധിക നികുതി ചുമത്തി. അന്ന്‌ റവന്യുവരുമാനം 77,427 കോടിരൂപയും ചെലവ്‌ , 85,000 അടുത്തുമായിരുന്നു. ഇന്ന്‌ റവന്യുവരവ്‌ 1,35000 കോടിയും ചെലവ്‌ 1.70,000 കോടിയിലധികവുമാണ്‌.
നിലവില്‍ കേരളത്തില്‍നിന്ന്‌ ഒരുലിറ്ററിന്‌ 21.10 പൈസയാണ്‌ കേന്ദ്രം കൊണ്ടുപോകുന്നത്‌. 2.20 രൂപ ഒഴിച്ച്‌ ബാക്കിയെല്ലാം സെസ്‌ ആയിട്ടാണ്‌ കേന്ദ്രം വാങ്ങുന്നത്‌. ഡീസലിന്‌ 14 രൂപയാണ്‌ സെസായി ഈടാക്കുന്നത്‌. വലിയ സമരം നടത്തുന്നവര്‍ ഇതൊക്കെ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply