മദ്യലഹരിയിൽ ഡ്രൈവിംഗ് വേണ്ട: പിഴ വിവരങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്

0

തിരുവനന്തപുരം: മദ്യലഹരിയിൽ ഡ്രൈവിംഗ് വേണ്ടെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗിൽ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാൻ ചെയ്യുകയും അപകട സാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാർദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക്, സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ളക്‌സ് ആക്ഷൻ മൂലമാണ് സംഭവിക്കുന്നത്. എന്നാൽ മദ്യപാനത്തിൽ ഈ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയും റിഫ്‌ളക്‌സ് ആക്ഷൻ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യതയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേൾവിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും മദ്യപാനത്തിന്റെ പരിണിത ഫലങ്ങളാണ്. അക്രമാസക്തനായ ഒരാൾ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ ഉണ്ടാകുന്ന അപകട സാധ്യതയേക്കാൾ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡിൽ കൂടി സഞ്ചരിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെയാണ് തടവ്, പിഴ എന്നിവ കൂടാതെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യമാക്കുന്നതടക്കം കർശനമായ ശിക്ഷാവിധികൾ നിയമത്തിൽ നിഷ്‌കർഷിച്ചിട്ടുള്ളതുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിക്കുന്നത് ആറുമാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റം ആവർത്തിച്ചാൽ രണ്ടു വർഷം തടവോ പതിനയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ പിഴ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here