3 സംസ്‌ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്‌ഡ്‌; കേരളത്തില്‍ 2 പേര്‍ കസ്‌റ്റഡിയില്‍

0


ന്യൂഡല്‍ഹി/കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട്‌ കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എ.ഐ.എ.) റെയ്‌ഡ്‌. സംസ്‌ഥാനത്ത്‌ രണ്ടുപേര്‍ കസ്‌റ്റഡിയില്‍.
എറണാകുളം ജില്ലയിലെ ആലങ്ങാട്‌ പടിഞ്ഞാറെ വെളിയത്തുനാട്‌ കിടങ്ങപ്പള്ളില്‍ വീട്ടില്‍ റിയാസ്‌(48), ആലുവയില്‍ പണം ഇടപാട്‌ നടത്തുന്ന വെള്ളൂര്‍ അകത്തോട്ട്‌ വീട്ടില്‍ അശോകന്‍ എന്നിവരെയാണു കസ്‌റ്റഡിയില്‍ എടുത്തത്‌. അശോകന്റെ വീട്ടില്‍നിന്ന്‌ ബാങ്ക്‌ രേഖകളും മറ്റ്‌ സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയ ഡയറികളും കണ്ടെടുത്തു.
ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന പാനായിക്കുളം സ്വദേശി സീനുമോന്‍ എന്ന സൈനുദ്ദീന്‍ താമസിക്കുന്ന ആലുവയിലെ വാടകവീട്ടിലും റെയ്‌ഡ്‌ നടത്തി. ഇയാളെ ഇന്നു ചോദ്യംചെയ്യും. ചോദ്യംചെയ്യലിനു ഹാജരാകാന്‍ സൈനുദ്ദീനു നോട്ടീസ്‌ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തിയേക്കും. സ്‌ഫോടനക്കേസില്‍ സൈനുദ്ദീനെ കോടതി വെറുതെവിട്ടിരുന്നു.
ആകെ 43 ഇടങ്ങളില്‍ റെയ്‌ഡ്‌ നടത്തിയെന്നാണ്‌ വിവരം. ഡിജിറ്റല്‍ രേഖകളും നാല്‌ ലക്ഷം രൂപയും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, മറ്റു രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്‌. കോയമ്പത്തൂര്‍ കേസുമായി ബന്ധപ്പെട്ട്‌ 35 ഇടങ്ങളിലും മംഗളൂരു സ്‌ഫോടനക്കേസില്‍ എട്ടിടങ്ങളിലുമാണ്‌ പരിശോധന നടന്നത്‌. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ ഒരിടത്തും മംഗലാപുരം സംഭവുമായി ബന്ധപ്പെട്ട്‌ നാലിടങ്ങളിലുമായിരുന്നു പരിശോധന.
മംഗളൂരുവില്‍ കഴിഞ്ഞ നവംബറില്‍ നടന്ന പ്രഷര്‍ കുക്കര്‍ ബോംബ്‌ കേസിലെ പ്രതി മുഹമ്മദ്‌ ഷെരീഖ്‌ കേരളത്തില്‍ എത്തിയ സ്‌ഥലങ്ങളിലാണു റെയ്‌ഡ്‌ നടന്നത്‌. സ്‌ഫോടനത്തില്‍പരുക്കേറ്റു ചികിത്സയിലായിരുന്ന ഷെരീഖിനെ പരുക്കുകള്‍ ഭേദമായതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ 29-നാണു എന്‍.ഐ.എ. കസ്‌റ്റഡിയിലെടുത്തിരുന്നു.
കോയമ്പത്തൂര്‍ കോട്ടമേട്‌ സംഗമേശ്വര ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയില്‍നിന്ന്‌ കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ വിവിധ സ്‌ഥലങ്ങളില്‍ റെയ്‌ഡ്‌ നടത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here