റോന്തുചുറ്റാൻ പുത്തൻ നടപ്പാത; സെക്രട്ടറിയേറ്റിന്റെ മതിൽ ചാടുന്ന സമരക്കാരെ പിടികൂടാൻ പൊലീസിന് പുതിയ വഴി

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോടു ചേർന്ന് സമരക്കാർ ചാടിയാൽ പിടിക്കാനായി പൊലീസിനു റോന്തുചുറ്റാൻ നടപ്പാത നിർമിക്കുന്നു. ഡിജിപിയുടെ ശുപാർശയനുസരിച്ചാണ് നിർമാണം. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന സമരക്കാർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാൻ ശ്രമിക്കാറുണ്ട്. നടപ്പാതയില്ലാത്തതിനാൽ പൊലീസിനു പലപ്പോഴും ഇതു തടയാൻ കഴിയുന്നില്ലെന്നായിരുന്നു ഡിജിപി സർക്കാരിനെ അറിയിച്ചത്. ഇതേത്തുടർന്നാണ് സെക്രട്ടേറിയറ്റിനു ചുറ്റും നടപ്പാത നിർമിക്കാൻ തീരുമാനിച്ചിതിക്കുന്നത്.

സെക്രട്ടറിയേറ്റിന്റെ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്ന സമരക്കാരെ കണ്ടെത്തി പിടികൂടുന്നത് ബുദ്ധിമുട്ടാണ്. വലിയ സമരങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ ഇത് പൊലീസിന് കടുത്ത പ്രതിസന്ധിയും സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിർമാണത്തിന് ഡിജിപിയുടെ ശുപാർശ. സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച നടപ്പാതയുടെ നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഉടൻ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നതും.

നടപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ, സമരങ്ങൾക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ അനായാസം പിടികൂടാമെന്നാണ് പ്രതീക്ഷ. ആറു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാതയുടെ നിർമാണമെന്നാണ് പുറത്തു വരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here