ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് താരത്തിനെതിരെ നടപടിയുമായി മുംബൈ ട്രാഫിക് പൊലീസ്

0

ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് താരത്തിനെതിരെ നടപടിയുമായി മുംബൈ ട്രാഫിക് പൊലീസ്. ബോളിവുഡ് യുവതാരം കാർത്തിക് ആര്യനെതിരെയാണ് മുംബൈ ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചത്. തന്റെ കറുത്ത ലംബോർഗിനി ഉറൂസുമായി കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം താരം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തിയിരുന്നു. തുടർന്ന് നോ പാർക്കിങ് സോണിൽ തന്റെ ആഡംബര വാഹനം പാർക്ക് ചെയ്തതാണ് വിനയയാത്.

ഷെഹ്സാദ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് മാതാപിതാക്കൾക്കൊപ്പം താരം ക്ഷേത്രത്തിൽ എത്തിയത്. താരത്തിനെതിരെ മുംബൈ ട്രാഫിക് പൊലീസ് കേസെടുത്തു എന്ന് എഎൻഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

മുബൈ ട്രാഫിക് പൊലീസ് നടന്റെ ലംബോർഗിനി കാറിന്റെ ചിത്രം ട്വിറ്റർ ഹാൻഡിൽ പങ്കിട്ടു. കാർത്തികിന്റെ സിനിമകളുടെ പേരും ഡയലോഗുകളും ഉപയോഗിച്ചാണ് മുംബൈ പൊലീസ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. കാർത്തികിന്റെ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ‘ഭൂൽ ഭുലയ്യ 2’, അടുത്തിടെ പുറത്തിറങ്ങിയ ‘ഷെഹ്‌സാദ’ എന്നിവ പൊലീസ് ട്വീറ്റിൽ പരാമർശിച്ചു. എന്നാൽ പൊലീസ് ട്വീറ്റിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടില്ല . ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന സൂചന നൽകുന്ന അടിക്കുറിപ്പ് സഹിതമാണ് പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

വാഹനം ആർക്കുണ്ടെങ്കിലും അത് നടനാണെങ്കിലും നോ പാർക്കിങ് സോണിൽ വാഹനം പാർക്ക് ചെയ്താൽ പൊലീസ് അതിന്റെ ജോലി ചെയ്യുമെന്ന് ട്രാഫിക് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ട്വിറ്റർ പോസ്റ്റിൽ പങ്കുവെച്ച ചിത്രത്തിൽ, കറുത്ത ഉറൂസിന്റെ നമ്പർ പ്ലേറ്റ് മറച്ചിട്ടാണെങ്കിലും കാർ വ്യക്തമായി കാണാം. അതേസമയം ചലാൻ തുകയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പൊലീസ് പങ്കുവെച്ചിട്ടില്ല.

ട്വിറ്റർ ഉപഭോക്താക്കൾ പോസ്റ്റിനോട് പലരീതിയിൽ പ്രതികരിച്ചു. ഇത് ഷെഹ്സാദയുടെ പ്രമോഷനാണോ എന്നു ചിലർ ചോദിക്കുന്നു. അതേസമയം രസകരമായ ഒരു ട്വിസ്റ്റിൽ, ഡിൻഡോഷി മെട്രോ സ്റ്റേഷനിലെ നോ പാർക്കിങ് സോണിൽ പാർക്ക് ചെയ്തിരിക്കുന്ന മുംബൈ പൊലീസിന്റെ കാറിന്റെ ചിത്രം സഹിതം ഒരാൾ പോസ്റ്റ് ചെയ്തു. മുംബൈ പൊലീസിന് ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കാമെന്നായിരുന്നു കുറിപ്പിൽ. പൊലീസ് ഡിപ്പാർട്ട്മെന്റ് ഈ ട്വീറ്റിന് മറുപടിയും പറഞ്ഞു. ആവശ്യമായ നടപടികൾക്കായി ഞങ്ങൾ നിങ്ങളുടെ അഭ്യർത്ഥന ദിൻഡോഷി ട്രാഫിക് ഡിവിഷനിൽ അറിയിച്ചിട്ടുണ്ട് എന്നായിരുന്നു പൊലീസിന്റെ മറുപടി.

Leave a Reply