ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിൻറ്; അകത്ത് 360 ഡിഗ്രി ക്യാമറ; അനൗൻസ്മെന്റ് സംവിധാനവും; കെഎസ്ആർടിസി- സ്വിഫ്റ്റിന് 131 സൂപ്പർ ഫാസ്റ്റ് ബസുകൾ എത്തുന്നു

0

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് പുതിയ സൂപ്പർ ഫാസ്റ്റ് ബസുകൾ എത്തുന്നു. 131 ബസുകളിൽ ആദ്യത്തെ ബസ് ബം​ഗുളൂരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തിച്ചേരും.

ഈ ബസുകൾ ട്രയൽ റണ്ണും, രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോ​ഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി ഈ ബസുകൾ സർവ്വീസുകൾ ആരംഭിക്കും. ഈ ബസുകൾ ഏത് റൂട്ടിൽ ഉപയോ​ഗിക്കണം എന്ന് ഉൾപ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും ദീർഘദൂര സർവ്വീസുകൾക്ക് ഉപയോ​ഗിക്കുക.

അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബം​ഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും,യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡി​ഗ്രി ക്യാമറയും, മുൻഭാ​ഗത്ത് ഡാഷ് ബോർഡിലും, പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൻസ്മെന്റ് സംവിധാനവും നിലവിലുണ്ട്.

ബിഎസ് 6 ശ്രേണിയിൽ ഉള്ള ഈ ബസുകളിൽ സുഖപ്രദമായ സീറ്റ്, എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിം​ഗ് പോയിൻറുകൾ,, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിയ്ക്കാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം ട്യൂബ് ലൈസ് ടയറുകളും ഈ ബസിൻറെ പ്രത്യേകതയാണ്. ബസ്സുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള സംവിധാനവും ഈ ബസ്സുകളിൽ ഒരുക്കിയിട്ടുണ്ട്‌.

Leave a Reply