റിസോര്‍ട്ടില്‍നിന്ന്‌ എം.ഡി.എം.എ. പിടികൂടിയ സംഭവം: തിരുവല്ല സ്വദേശി കസ്‌റ്റഡിയില്‍

0


ഹരിപ്പാട്‌: റിസോര്‍ട്ടില്‍നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. തിരുവല്ല നെടുമ്പ്രം എഴുമുളത്തില്‍ മുഫാസ്‌മുഹമ്മദി(27)നെയാണ്‌ ഹരിപ്പാട്‌ പോലീസ്‌ ഗോവയില്‍ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. ഡാണാപ്പടി മംഗല്യ റിസോര്‍ട്ടില്‍ നിന്നും 2021 നവംബര്‍ എട്ടിന്‌ ഏഴു യുവാക്കളെയാണ്‌ 52.4 എം.ഡി.എം.എയുമായി പിടികൂടിയത്‌.
കേസില്‍ 11-ാം പ്രതിയാണ്‌ ഇയാള്‍. കേസില്‍ നേരത്തെ അറസ്‌റ്റിലായ നൈജീരിയന്‍ സ്വദേശി ജോണ്‍ കിലാച്ചി ഓഫറ്റോ, തമിഴ്‌നാട്‌ സ്വദേശികളായ തിരുപ്പൂര്‍ സെക്കന്‍ഡ്‌ സ്‌ട്രീറ്റ്‌ 46 കാമരാജ്‌ നഗര്‍ വടിവേല്‍, തിരുവല്ലൂര്‍ ഫസ്‌റ്റ്‌ സ്‌ട്രീറ്റ്‌ രായപുരം മഹേഷ്‌കുമാര്‍ എന്നിവരുമായുള്ള ബന്ധം വഴിയാണ്‌ മുഫാസ്‌ മറ്റൊരു പ്രതിയായ സജിന്‍എബ്രഹാമിന്‌ മയക്കുമരുന്ന്‌ എത്തിച്ചു കൊടുത്തിരുന്നത്‌. സംഭവത്തിന്‌ ശേഷം ഇയാള്‍ ഒരു വര്‍ഷമായി മറ്റു സംസ്‌ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പോലീസ്‌ പിടിക്കാതിരിക്കാനായി രൂപം മാറ്റിയും പല സംസ്‌ഥാനങ്ങളിലെ സിമ്മുമാണ്‌ ഉപയോഗിച്ചിരുന്നത്‌. കുറച്ചുദിവസം മാത്രമേ ഒരു സിം ഉപയോഗിക്കൂവെന്ന്‌ പോലീസ്‌ പറഞ്ഞു. അതുകഴിഞ്ഞാല്‍ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ്‌ പതിവ്‌. സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ ഹിമാചല്‍പ്രദേശില്‍ കസോള്‍ എന്ന സ്‌ഥലത്ത്‌ ഒളിവില്‍ താമസിച്ചു വരികയാണെന്ന്‌ കണ്ടെത്തിയിരുന്നു.
ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശാനുസരണം ഡി.വൈ.എസ്‌.പി: അജയ്‌നാഥത്തിന്റെ മേല്‍നോട്ടത്തില്‍ എസ്‌.എച്ച്‌.ഒ: വി.എസ്‌.ശ്യാംകുമാര്‍, സി.പി.ഒമാരായ അജയകുമാര്‍.വി, നിഷാദ്‌.എ എന്നിവരടങ്ങുന്ന സംഘം ഹിമാചല്‍പ്രദേശിലേക്ക്‌ അന്വേഷണത്തിനായി പുറപ്പെട്ടു. ഇതിനിടെ പ്രതി ഗോവയിലേക്ക്‌ വരുന്നതായി മനസിലാക്കി അന്വേഷണസംഘം ഗോവയില്‍ എത്തി. ഇവിടെ ഒരു ഉള്‍പ്രദേശത്ത്‌ മയക്കുമരുന്ന്‌ സംഘം തങ്ങുന്ന വീട്ടിലെത്തിയ പ്രതിയെ ഒരു രാത്രി മുഴുവന്‍ കാത്തിരുന്ന്‌ സാഹസികമായി പിടികൂടുകയായിരുന്നു. 20 പ്രതികളുള്ള കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ 15 പേര്‍ പിടിയിലായി.

Ads by Google

LEAVE A REPLY

Please enter your comment!
Please enter your name here