ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്തു

0

കണ്ണൂർ: സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തിയതിന് ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്തു. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്‌ളോക്ക് എക്‌സിക്യൂട്ടീവ് അംഗം ബിനീഷിനെയാണ് ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തിയത്. ബിനീഷിന്റെ പരാതിപ്രകാരമാണ് മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി എടയന്നൂരിലെ യുത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്.

ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ കുറിച്ചു. അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ലെന്നും ആകാശ് തില്ലങ്കേരിയുടെ ഫെയിസ് ബുക്ക് കമന്റ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സരീഷിന്റെ ഫെയിസ് ബുക്ക് പോസ്റ്റിലാണ് ആകാശ് തില്ലങ്കേരി വിവാദമായ കാര്യങ്ങൾ കമന്റ് ചെയ്തിരിക്കുന്നത്.

‘പല ആഹ്വാനങ്ങളും തരും, കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ, പാർട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്” ആകാശ് തില്ലങ്കേരി കുറിച്ചു

Leave a Reply