കോഴയുടെ ബാക്കി എവിടെയെന്ന്‌ ഇ.ഡി; മൗനം തുടര്‍ന്ന്‌ ശിവശങ്കര്‍

0


കൊച്ചി : വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ പദ്ധതി ഇടപാടില്‍ ലഭിച്ച ബാക്കി കോഴപ്പണം എവിടെയെന്ന ഇ.ഡിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാതെ എം. ശിവശങ്കര്‍. ഫ്‌ളാറ്റ്‌ നിര്‍മാണക്കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നാണു യൂണിടാക്‌ കമ്പനി എം.ഡി: സന്തോഷ്‌ ഈപ്പന്റെ മൊഴി. തന്റെ പേരിലുള്ള ബാങ്ക്‌ ലോക്കറില്‍നിന്നു പിടിച്ചെടുത്ത ഒരുകോടി രൂപ ഈ കോഴപ്പണമാണെന്നു കേസിലെ മറ്റൊരു പ്രതി സ്വപ്‌ന സുരേഷും മൊഴി നല്‍കിയിരുന്നു. ബാക്കിപ്പണം എവിടെയെന്നു ശിവശങ്കറിന്‌ അറിയാമെന്നും സ്വപ്‌ന ഇ.ഡിയെ അറിയിച്ചു.
സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം തന്റെയല്ലെന്ന മറുപടിയില്‍ ശിവശങ്കര്‍ ഉറച്ചുനിന്നതോടെയാണ്‌ ഇ.ഡി. അറസ്‌റ്റിലേക്കു നീങ്ങിയത്‌. കസ്‌റ്റഡിയില്‍ വിശദമായി ചോദ്യംചെയ്യാനാണു നീക്കം. സ്വപ്‌ന ഉള്‍പ്പെടെയുള്ള മറ്റ്‌ പ്രതികളെ ഒപ്പമിരുത്തിയും ചോദ്യംചെയ്‌തേക്കും. ഇടപാടില്‍ തനിക്ക്‌ 10% കമ്മീഷന്‍ കിട്ടിയെന്നാണു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
വിദേശസംഭാവനാ നിയന്ത്രണച്ചട്ടം (എഫ്‌.സി.ആര്‍.എ) ലംഘിച്ച്‌ കൊണ്ടുവന്ന ഫണ്ട്‌ ഗൂഢാലോചന നടത്തി പ്രതികള്‍ തട്ടിയെടുത്തെന്നാണ്‌ ഇ.ഡി. കേസ്‌. ഇതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു. ലൈഫ്‌ മിഷനും യു.എ.ഇ. റെഡ്‌ ക്രെസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം ശിവശങ്കര്‍ റാഞ്ചുകയായിരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റിലേക്കു റെഡ്‌ ക്രെസന്റില്‍നിന്നു പണം വന്നതിനു തെളിവ്‌ ലഭിച്ചിട്ടില്ല. യൂണിടാക്കിനു ലഭിച്ച പണം കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണെന്ന്‌ ഇ.ഡി. സംശയിക്കുന്നു. ഇതുസംബന്ധിച്ചു പരസ്‌പരവിരുദ്ധമായ മറുപടികളാണു ശിവശങ്കറിന്റേത്‌.
കരാറിനു ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. 40% കമ്മീഷനില്‍ 20% കോണ്‍സുല്‍ ജനറലിനും 10% സ്വപ്‌നയ്‌ക്കും ലഭിച്ചെന്നാണു സി.ബി.ഐ. കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട്‌ യുണിടാക്‌ ആദ്യം സമീപിച്ചതു സന്ദീപ്‌ നായരെയാണ്‌. പിന്നീടു സരിത്തിനെയും സ്വപ്‌നയേയും കണ്ടു.
സ്വപ്‌നയാണു സന്തോഷ്‌ ഈപ്പനോടു ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചത്‌. സന്തോഷിന്റെ സന്ദര്‍ശനവേളയില്‍ ലൈഫ്‌ മിഷന്‍ സി.ഇ.ഒ: യു.വി. ജോസിനെയും ജീവനക്കാരി ഗീതുവിനെയും ശിവശങ്കര്‍ ഓഫീസിലേക്കു വിളിച്ചുവരുത്തി. അപ്പോഴാണു കരാര്‍ കാര്യം താന്‍ അറിഞ്ഞതെന്നാണു ജോസിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here