മദ്യനയ അഴിമതിക്കേസ്‌ : സിസോദിയ അറസ്‌റ്റില്‍

0


ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ അറസ്‌റ്റില്‍. ഡല്‍ഹി സി.ബി.ഐ. ആസ്‌ഥാനത്ത്‌ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്‌ ഒടുവിലാണ്‌ അറസ്‌റ്റ്‌. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ സിസോദിയ സി.ബി.ഐ. ആസ്‌ഥാനത്ത്‌ എത്തിയത്‌. ഡല്‍ഹിയില്‍ ഒരു വര്‍ഷത്തിനിടെ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്‌മി മന്ത്രിയാണ്‌ സിസോദിയ. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ കഴിഞ്ഞ മേയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
കഴിഞ്ഞയാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റിച്ചോദിച്ചിരുന്നു. പിന്നീടാണ്‌ 26-ന്‌ ഹാജരാകാന്‍ സി.ബി.ഐ. ആവശ്യപ്പെട്ടത്‌. ഒക്‌ടോബറിലായിരുന്നു ഇതിനുമുമ്പ്‌ അദ്ദേഹത്തെ സി.ബി.ഐ. ചോദ്യം ചെയ്‌തത്‌. സി.ബി.ഐ. രജിസ്‌റ്റര്‍ ചെയ്‌ത മദ്യനയ അഴിമതിക്കേസില്‍ ഒന്നാംപ്രതിയാണ്‌ മനീഷ്‌ സിസോദിയ. കേസില്‍ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്‌. കേസില്‍ ഇതുവരെ പത്തുപേര്‍ അറസ്‌റ്റിലായി. സിസോദിയയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്നാണ്‌ സി.ബി.ഐ. വൃത്തങ്ങള്‍ അറിയിക്കുന്നത്‌.
ഡല്‍ഹി എക്‌സൈസ്‌ കമ്മിഷണറായിരുന്ന അരവ ഗോപി കൃഷ്‌ണ, മുതിര്‍ന്ന രണ്ട്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന്‌ ചട്ടം ലംഘിച്ച്‌ മദ്യ വ്യാപാരികള്‍ക്ക്‌ അനധികൃതമായി ടെന്‍ഡര്‍ ഒപ്പിച്ച്‌ നല്‍കിയെന്നാണ്‌ സി.ബി.ഐ. കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ്‌ നായര്‍ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന്‌ രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവര്‍ക്ക്‌ ഇവര്‍ കോടികള്‍ കൈമാറിയെന്നും, ഇത്‌ കമ്മീഷന്‍ തുകയാണെന്നും സി.ബി.ഐ. എഫ്‌.ഐ.ആറില്‍ പറയുന്നു.
സിസോദിയയുടെ വീട്ടിലടക്കം രാജ്യത്തെ 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സി.ബി.ഐ. പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട്‌ നടന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന കേസില്‍ ഇ.ഡി അന്വേഷണവും നടക്കുന്നുണ്ട്‌.
അതിനിടെ, സിസോദിയ അറസ്‌റ്റ്‌ ചെയ്യപ്പെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ ആം ആദ്‌മി പാര്‍ട്ടി വലിയ പ്രതിഷേധ പരിപാടികളാണ്‌ രാജ്യതലസ്‌ഥാനത്ത്‌ സംഘടിപ്പിച്ചിരുന്നത്‌. അറസ്‌റ്റ്‌ ചെയ്യപ്പെടുമെന്നും തയാറായി നില്‍ക്കാനും പാര്‍ട്ടിപ്രവര്‍ത്തകരോട്‌ സിസോദിയ നേരത്തെ പറഞ്ഞിരുന്നു. രാജ്‌ഘട്ടില്‍ പോയി പ്രാര്‍ഥിച്ചശേഷമാണ്‌ സിസോദിയ സി.ബി.ഐ. ആസ്‌ഥാനത്തേക്ക്‌ എത്തിയത്‌. സിസോദിയയുടെ വസതി മുതല്‍ സി.ബി.ഐ. ആസ്‌ഥാനം വരെ ഡല്‍ഹി പോലീസ്‌ കനത്ത സുരക്ഷയാണ്‌ ഒരുക്കിയത്‌. അറസ്‌റ്റ്‌ ഉറപ്പിച്ച പോലെയായിരുന്നു എഎപി നേതാക്കളുടെ രാവിലെ മുതലുള്ള പ്രതികരണം. ചോദ്യംചെയ്യല്‍ പുരോഗമിക്കവേ സഞ്‌ജയ്‌ സിങ്‌ എം.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സി.ബി.ഐ. ഓഫീസിന്‌ സമീപം പ്രതിഷേധിച്ചു. സിബിഐ ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന സിജിഒ കോംപ്ലക്‌സ് പരിസരത്ത്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.
സിസോദിയയുടെ അറസ്‌റ്റ്‌ വൃത്തികെട്ട രാഷ്‌ട്രീയമാണെന്നും ജനങ്ങള്‍ ഇതിനെതിരേ പ്രതികരിക്കുമെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ പ്രതികരിച്ചു.

Leave a Reply