ലൈഫ് മിഷൻ കോഴ കേസ്; മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും

0


എറണാകുളം:ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. അതേസമയം കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചപ്പോൾ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബിജെപിയും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസ് വീണ്ടും സർക്കറിനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ ശിവശങ്കർ ഇപ്പോൾ സർക്കാറിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ് ആരോപണത്തെ സിപിഎം പ്രതിരോധിക്കുന്പോഴാണ് നാളെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇഡിയ്ക്ക് മുന്നിലെത്തുന്നത്. ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സിഎം രവീന്ദ്രനെ കരുക്കുന്ന നിരവധി ചാറ്റുകൾ പുറത്ത് വന്നിരുന്നു.

ശിവശങ്കറിന് ലഭിച്ച കൈക്കൂലിയിൽ സിഎം രവീന്ദ്രന്‍റെ പങ്കുണ്ടോ എന്ന് തനിക്ക് അറിയില്ല എന്ന് സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ പാർട്ടി പരിശോധിക്കണ്ട വിഷയമൊന്നുമില്ലെന്നണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളപ്പണകേസിൽ പങ്കാളിത്തമുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു. രാവിലെ 10.30 നാണ് സിഎം രവീന്ദ്രൻ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here