കാലിത്തീറ്റവില നിയന്ത്രിക്കാന്‍ നിയമം ഉടന്‍: മുഖ്യമന്ത്രി , ചെക്ക്‌ പോസ്‌റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കും

0


തൃശൂര്‍: പാലിന്റെ ഗുണനിലവാരം കൂട്ടാനും കാലിത്തീറ്റയുടെ വിലനിയന്ത്രിക്കാനും ലക്ഷ്യമിട്ട്‌ കാലിത്തീറ്റ നിയമം ഉടന്‍ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും സംസ്‌ഥാനത്ത്‌ ഡയറി ലാബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനതല ക്ഷീരസംഗമം മണ്ണുത്തി വെറ്ററിനറി കോളജ്‌ ക്യാമ്പസില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കും. ഉപയോക്‌താക്കള്‍ക്ക്‌ വിപണിയില്‍ ലഭ്യമാക്കുന്ന പാലിന്റെ ഭൗതിക-രാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന്‌ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കോട്ടയം, ആലത്തൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ലാബുകളുടെ അടിസ്‌ഥാനസൗകര്യ വികസനത്തിന്‌ കൂടുതല്‍ തുക കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളില്‍ വകയിരുത്തി.
ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല്‍ ലഭ്യത ഉറപ്പാക്കാന്‍ എന്‍.എ.ബി.എല്‍. അക്രഡിറ്റേഷനോടുകൂടിയ സംസ്‌ഥാന ഡയറി ലാബിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കാലിത്തീറ്റ എന്നിവയുടെ ഭൗതിക, രാസ, അണു ഗുണനിലവാരം ഉറപ്പാക്കാനുള്ള രാജ്യാന്തരസൗകര്യങ്ങള്‍ ലാബില്‍ ലഭ്യമാണ്‌. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വാര്‍ഷികഫണ്ടില്‍നിന്ന്‌ 130 കോടി രൂപ ക്ഷീരമേഖലയുടെ വികസനത്തിനു നീക്കിവച്ചു. ക്ഷീരമേഖലയ്‌ക്കുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിക്കുന്നത്‌. പരിഷ്‌കരിച്ച നികുതിഘടന കാരണം കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയ്‌ക്ക്‌ കൂടുതല്‍ വില നല്‍കേണ്ടിവരുന്നു.
2016ല്‍ സംസ്‌ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി 16 ലക്ഷം പാല്‍ ദിനം പ്രതി സംഭരിച്ചരുന്ന സ്‌ഥാനത്ത്‌ നിലവില്‍ 21 ലക്ഷം ലിറ്ററിലധികം പാല്‍ സംഭരിക്കുന്നുണ്ട്‌. ദേശീയതലത്തിലെ പാല്‍സംഭരണ വളര്‍ച്ച ശരാശരി 6.4 ശതമാനമാണെങ്കില്‍ സംസ്‌ഥാനത്തേത്‌ 12.5 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരോദ്‌പാദക മേഖലയില്‍ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിന്‌ തടസമായി നില്‍ക്കുന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും നികുതിഘടനകളുമാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാല്‍ ഉല്‍പ്പാദനത്തില്‍ 90% സ്വയംപര്യാപ്‌തത കേരളം കൈവരിച്ചു. ഇനി ഒരു തള്ള്‌ കൂടെ നല്‍കിയാല്‍ മതിയെന്നും കൂട്ടിചേര്‍ത്തു. തീറ്റപ്പുല്‍ കൃഷിക്ക്‌ 26 കോടി രൂപ നീക്കിവച്ചു. ക്ഷീരമേഖലയുടെ പ്രതിസന്ധിക്ക്‌ പ്രധാന കാരണം പ്രത്യേക രോഗങ്ങളും കാലാവസ്‌ഥാ വ്യതിയാനവുമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതിദരിദ്ര കുടുംബങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുക്കപ്പെട്ട 140 വനിതകള്‍ക്ക്‌ ഒരു പശു യൂണിറ്റ്‌ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നു അധ്യക്ഷത വഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, പി. പ്രസാദ്‌, മേയര്‍ എം.കെ. വര്‍ഗീസ്‌ എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.എം.എല്‍.എമാരായ പി. ബാലചന്ദ്രന്‍, ഇ.ടി. ടൈസണ്‍, കലക്‌ടര്‍ ഹരിത വി. കുമാര്‍, ആര്‍. രാമകുമാര്‍, കെ.എസ്‌. മണി, വി.പി. ഉണ്ണികൃഷ്‌ണന്‍, ആസിഫ്‌ കെ. യൂസഫ്‌, രേഷ്‌മ ഹെമേജ്‌, എ. കൗശിഗന്‍ പങ്കെടുത്തു. സെമിനാര്‍ മന്ത്രി ജി.ആര്‍. അനില്‍ ഉദ്‌ഘാടനം ചെയ്‌തു. കലാസന്ധ്യ മന്ത്രി എം.ബി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന്‌ രാവിലെ ഒമ്പതിന്‌ ശില്‍പ്പശാല മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. സംവാദസദസ്‌ മന്ത്രി പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട്‌ ക്ഷീരസഹകാരി സംഗമം മന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും.

Leave a Reply